ഗുരുവായൂർ: കർത്താ മാഷ് വിടപറഞ്ഞത് ഒരു സെപ്തംബർ 1 ന് ആയിരുന്നു. നാലുവർഷം എം.ആർ.രാമൻ . മെമ്മോറിയൽ ഹൈസ്കൂളിൽ പഠിക്കാൻ കഴിഞ്ഞപ്പോൾ ,പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നത് കർത്താ മാഷ് ആയിരുന്നു . മാഷെ എല്ലാവർക്കും ഭയമായിരുന്നു . കുട്ടികളെയും , അധ്യാപകരെയും എങ്ങനെ ശാസിച്ച് നിർത്തണമെന്ന് മാഷിന് അറിയാമായിരുന്നു . കാലത്ത് 9 മണി കഴിഞ്ഞാൽ ചൂരൽ പിന്നിൽ പിടിച്ച് അതിഗൗരവഭാവം പുറത്തെടുത്ത് , സ്കൂൾ വരാന്തയിലൂടെ കർത്താ മാഷ് നടക്കുന്നത് ഞാൻ ഇന്നും ഓർക്കുകയാണ് . മാഷേ പുറത്തു കണ്ടാൽ ഒരു ഇല അനങ്ങില്ല. തീഷ്ണമേറിയ കണ്ണുകൾക്ക് മുകളിൽ ഇടതൂർന്നു എഴുന്നേറ്റു നിൽക്കുന്ന പുരികം മുഖത്തെ പ്രകാശം വർദ്ധിപ്പിക്കുന്നു .

രാജൻ മാഷും, നീലകണ്ഠൻ മാഷും, തോമസ് മാഷും, ദിവാകരൻ മാഷും, പ്രഭാകരൻ മാഷും പോലെ കുട്ടികൾക്ക് അടുത്തിടപഴകാൻ കർത്താ മാഷ് അവസരം അനുവദിച്ചിരുന്നില്ല. സ്കൂളിൽ എത്തിയാൽ എല്ലാ കണ്ണുകളും കർത്താ മാഷെ നിരീക്ഷിച്ചുകൊണ്ടിരിക്കും. വിദ്യാർത്ഥികളിൽ ഒരു ഭയഭക്തി വളർത്തിയെടുത്ത് മിടുക്കൻമാരാകണം എന്നായിരിക്കാം മാഷ് കരുതിയിട്ടുണ്ടാവുക . സ്കൂൾ ജീവിതം കഴിഞ്ഞു പിന്നെ മാഷെ കാണാൻ അവസരം ലഭിച്ചില്ല 35 വർഷം വേണ്ടി വന്നില്ലേ സഹപാഠികളായ നമ്മൾ തമ്മിൽ കണ്ടുമുട്ടാൻ ? നമ്മൾ സ്നേഹിച്ചിരുന്ന പല അധ്യാപകരും വിദ്യാർത്ഥികളും ഇന്ന് നമ്മോടൊപ്പമില്ല. ഈ വാട്സപ്പ് കൂട്ടായ്മ ഉള്ളതുകൊണ്ടാണ് മാഷടെ ചരമവാർഷികതിയ്യതി അറിഞ്ഞത്. അല്ലെങ്കിൽ കാണാൻ കഴിയാത്ത അധ്യാപകരുടെ പട്ടികയിൽ മാഷും നിറഞ്ഞുനിൽക്കുമായിരുന്നു …സുനി മാഷിന് കർത്താ മാഷിനെ കുറിച്ച് കൂടുതൽ പറയാനുണ്ടാകും. ജീവിതത്തിന്റെ വലിയൊരു ഭാഗം അവിടെയല്ലെ ചിലവഴിച്ചത് . മാതൃക അധ്യാപകനായ കർത്താ മാഷ് ജീവിതത്തിൽ കുറെ നിഷ്ഠകൾ പുലർത്തി സ്കൂളിന് വലിയ സന്ദേശം പകർന്നുകൊടുത്ത പ്രധാനധ്യാപകൻ ആയിരുന്നു. സ്കൂളിന്റെ അച്ചടക്കത്തിന് ഊന്നൽ നൽകി , സ്കൂളിന്റെ ഇടനാഴികളിൽ ഇന്നും മുഴങ്ങുന്ന ഓർമ്മകൾ വിതറി, തീഷ്ണ ഭാവത്തിന്റെ തല ഉയർത്തി പിടിക്കുന്ന ഒരു പ്രധാനധ്യാപകന്റെ സ്മരണ പുതുക്കുന്ന വേളയിൽ ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ
എന്റെ പ്രണാമം..

ബാബു ഗുരുവായൂർ .

LEAVE A REPLY

Please enter your comment!
Please enter your name here