ന്യൂഡൽഹി ⬤ ഫെയ്സ്ബുക്കും വാട്സാപ്പും ഇന്ത്യയുടെ ജനാധിപത്യത്തേയും സാമൂഹിക ഐക്യത്തേയും ആക്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫെയ്സ്ബുക്കിന്റെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി രാജ്യാന്തര മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ വാർത്ത പുറത്തുവിട്ടതിനു പിന്നാലെയാണ് വിമർശനവുമായി നേതാക്കൾ രംഗത്തുവന്നത്.

ഇന്ത്യയുടെ ജനാധിപത്യവും സാമൂഹിക ഐക്യവും തകർക്കാനുള്ള ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെയും നീക്കത്തെ രാജ്യാന്തര മാധ്യമങ്ങൾ മുഴുവനായും തുറന്നുകാട്ടിയിരിക്കുകയാണ്. നമ്മുടെ രാജ്യതാൽപര്യങ്ങളില്‍ കൈകടത്താൻ ഒരാളും വിദേശകമ്പനിയെ അനുവദിക്കാറില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ബിജെപിയെ ഉയർത്തിക്കാണിക്കാനും പ്രതിപക്ഷത്തെ താഴ്ത്തിക്കെട്ടാനും നിർദേശിച്ച് വർഷങ്ങളായി കമ്പനിക്കുള്ളിൽ അങ്കി ദാസ് ഇടപെടലുകൾ നടത്തിയെന്നും ജീവനക്കാർക്കായി പ്രത്യേകം പോസ്റ്റ് തയാറാക്കിയിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനെതിരെ കമ്പനിയിലെ ജീവനക്കാർ തന്നെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിക്കണമെന്ന കമ്പനിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് അങ്കി ദാസിന്റെ നീക്കമെന്ന് ജീവനക്കാർ പറഞ്ഞു.

‘സമൂഹമാധ്യമ പ്രചാരണത്തിൽ നമ്മൾ അദ്ദേഹത്തിന് വേണ്ടി തീ കൊളുത്തി, ബാക്കിയെല്ലാം ചരിത്രം’ – 2014 ലെ തിരഞ്ഞെടുപ്പിൽ മോദി വിജയം കൊയ്യുന്നതിന് ഒരു ദിവസം മുൻപ് അങ്കി ദാസ് പോസ്റ്റ് ചെയ്തതാണ് ഇക്കാര്യം. 30 വർഷമായി അടിത്തട്ടിൽ നടത്തിയ പ്രവർത്തനത്തിലൂടെ ഇന്ത്യയെ മോചിപ്പിച്ചതായി മോദിയെ പുകഴ്ത്തിക്കൊണ്ട് അങ്കി ദാസ് കുറിച്ചു. ഫെയ്സ്ബുക്ക് ആഗോള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കാറ്റി ഹർബത് മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും അങ്കി ദാസ് ഇവർക്കൊപ്പമുണ്ടായിരുന്നു.

ബിജെപി പ്രവർത്തകർക്കെതിരെ നടപടിയെടുത്താൽ ബിസിനസിനെ ബാധിക്കുമെന്ന് ഫെയ്സ്ബുക്ക് ഉദ്യോഗസ്ഥൻ പറഞ്ഞതായും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഭരണകക്ഷിയായ ബിജെപി പ്രവർത്തകരുടെ വിദ്വേഷ പ്രസംഗങ്ങൾ നീക്കാൻ തയാറായില്ല എന്നതായിരുന്നു വാൾ സ്ട്രീറ്റ് ജേണൽ ആദ്യം ചൂണ്ടിക്കാണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here