ദുബായ് ⬤ ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് ആശ്വാസമായി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച 13 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി. കോവിഡ് സ്ഥിരീകരിച്ച പേസ് ബോളർ ദീപക് ചാഹർ, യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരുൾപ്പെടെ 13 പേരുടെ ഫലമാണ് നെഗറ്റീവായത്. ഇതോടെ, ഈ മാസം നാലു മുതൽ പരിശീലനം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ടീം. എല്ലാവരുടെയും ഫലം നെഗറ്റീവായതായി ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശ്വി വിശ്വനാഥനാണ് വെളിപ്പെടുത്തിയത്. ഇനി ഈ മാസം മൂന്നിന് ഒരു പരിശോധന കൂടി ബാക്കിയുണ്ട്. ഈ പരിശോധനയിലും ഫലം നെഗറ്റീവാകുന്നവർക്ക് നാലാം തീയതി മുതൽ പരിശീലനത്തിനിറങ്ങാം.

അതേസമയം, കോവിഡ് സ്ഥിരീകരിച്ച ദീപക് ചാഹറും ഋതുരാജും ഉൾപ്പെടെയുള്ളവർ 14 ദിവസത്തെ ക്വാറന്റീൻ കാലയളവ് പൂർത്തിയാക്കിയ ശേഷമേ കളത്തിലിറങ്ങൂ.
‘കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച 13 പേരുടെയും ഏറ്റവും പുതിയ പരിശോധനാ ഫലം നെഗറ്റീവാണ്. അവരെല്ലാം വ്യാഴാഴ്ച ഒരിക്കൽക്കൂടി പരിശോധനയ്ക്ക് വിധേയരാകും. അതിനുശേഷം വെള്ളിയാഴ്ചയോടെ പരിശീലനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ’ – കാശി വിശ്വനാഥൻ വ്യക്തമാക്കി.
‘ദീപക് ചാഹറും ഋതുരാജും ഫലം നെഗറ്റീവാണെങ്കിലും ചട്ടപ്രകാരം 14 ദിവസത്തെ ക്വാറന്റീൽ പൂർത്തിയാക്കിയശേഷം മാത്രം വീണ്ടും ടീമിനൊപ്പം ചേരും’ – കാശി വിശ്വനാഥൻ അറിയിച്ചു. ഈ മാസം 19 മുതൽ നവംബർ 10 വരെയാണ് ഈ വർഷത്തെ ഐപിൽ അരങ്ങേറുക.

അതിനിടെ, ഐപിഎല്ലിനായി ഇന്ന് യുഎഇയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്ത്യൻ താരം ഹർഭജൻ സിങ് യാത്ര മാറ്റിവച്ചു. ടീമംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇതെന്നാണ് റിപ്പോർട്ട്. അതേസമയം, ടീമിലെ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫാഫ് ഡുപ്ലേസി, ലുങ്കി എൻഗിഡി എന്നിവർ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഇരുവരും നേരെ ക്വാറന്റീനിൽ പ്രവേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here