ന്യൂഡൽഹി ⬤ ലഡാക്കിൽ യഥാർഥ നിയന്ത്രണരേഖയോടു ചേർന്ന് ചൈന വീണ്ടും പ്രകോപനപരമായ നീക്കങ്ങൾ നടത്തിയെന്ന് കരസേന. പാംഗോങ് തടാകത്തോട് ചേർന്ന് ചൈന നടത്തിയ സൈനിക നീക്കങ്ങൾ ഇന്ത്യൻ സേന തടഞ്ഞു. ഈമാസം 29നും 30നുമിടയിലെ രാത്രിയിലാണ് സംഭവമെന്നും കരസേന വാർത്താക്കുറിപ്പിൽ അറിയിച്ചു.

കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സൈനിക – നയതന്ത്ര ഇടപെടലുകളിലൂടെ ഉണ്ടാക്കിയ സമവായം ലംഘിക്കുകയും തൽസ്ഥിതി മാറ്റുന്നതിനായുള്ള പ്രകോപനപരമായ സൈനിക നീക്കങ്ങൾ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ‍ വ്യക്തമാക്കുന്നു.

പ്രദേശത്ത് സമാധാനവും മനശാന്തിയും കൊണ്ടുവരുന്നതിൽ സൈന്യം പ്രതിജ്ഞാബദ്ധരാണ്. എന്നാൽ സമാനമായി പ്രാദേശിക സുസ്ഥിരതയ്ക്കും സൈന്യത്തിന് ഉത്തരവാദിത്തമുണ്ടെന്നും സേന പറയുന്നു. ഇന്ത്യ – ചൈന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് ബ്രിഗേഡ് കമാൻഡർ തലത്തിൽ ചുഷുല്‍ മേഖലയിൽ ചർച്ച നടക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.

ഏപ്രിൽ – മേയ് കാലത്താണ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം തുടങ്ങിയത്. ജൂൺ 15ന് ഗൽവാൻ താഴ്‍വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെ പ്രശ്നം വളരെ രൂക്ഷമാകുകയായിരുന്നു. തുടർന്ന് സൈനിക, നയതന്ത്രതലത്തിൽ ഒട്ടേറെ ചർച്ചകൾ നടന്നുവെങ്കിലും ശാശ്വത പരിഹാരം കാണാനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here