തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ തിരുവനന്തപുരം പിഎസ്‌സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്ഗ്രസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പട്ടിണി സമര പന്തലിലേക്ക് മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം കല്ലേറുണ്ടായി. കല്ലേറില്‍ ഇരുവിഭാഗത്തിലെ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റതായാണ് പ്രഥാമിക വിവരം.

അതേസമയം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയെ പൊലീസ്
അറസ്റ്റ് ചെയ്തു. സജീവ് എന്ന യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. പിടികൂടിയ പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് ആക്രമിക്കാനുള്ള ശ്രമം നടന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികള്‍ പിടിയിലായെന്നാണ് സൂചന.

വെഞ്ഞാറമ്മൂട് കൊലപാതക കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് റൂറല്‍ എസ്.പി അറിയിച്ചിരുന്നു. സംഭവം നടപ്പാക്കിയത് ആറ് പേരാണെന്നാണ് പ്രാഥമിക നിഗമനം. മുന്‍പും വധശ്രമക്കേസില്‍ പ്രതികളായിരുന്നവരാണ് ഈ കൊലപാതകത്തിനും പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വെഞ്ഞാറമ്മൂടില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും റൂറല്‍ എസ്.പി പറഞ്ഞു. ഇന്ന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചത്. മിഥിലാജ് (30), ഹഖ് മുഹമ്മദ് (24), എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും വെട്ടിയത്. മിഥിലാജ് വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് കലിങ്കുംമുഖം സ്വദേശിയുമാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.ഐ.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here