ഗുരുവായൂർ: രേവത് എന്ന ഓട്ടോ ഡ്രൈവറെ മലയാളികള്‍ മറന്നുകാണാന്‍ വഴിയില്ല. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഓട്ടം വിളിച്ചു കൊണ്ടുപോയി കൂലി നല്‍കാതെ കബളിപ്പിച്ചു കടന്നുകളഞ്ഞ യാത്രക്കാരന്റെയും ഓട്ടോ ഡ്രൈവറായ രേവതും സോഷ്യല്‍മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമായിരുന്നു. തൃശൂരിലെ രേവതിനെ തിരുവനന്തപുരം സ്വദേശിയാണ് സമര്‍ത്ഥമായി കബളിപ്പിച്ചത്. ഇപ്പോള്‍ ഇതാ വീണ്ടും രേവത് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുകയാണ്. ഇത്തവണയും ഓട്ടോകൂലി കിട്ടിയില്ല. പകരം 500 രൂപയുടെ സ്ഥാനത്ത് കിട്ടിയത് രണ്ട് പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണുമാണ്.

രണ്ട് ദിവസം മുമ്പാണ് രേവതിന്റെ ഓട്ടോയില്‍ കൂലി നല്‍കാന്‍ പണമില്ലാതെ മറ്റൊരു യാത്രക്കാരനും യാത്ര ചെയ്തത്. നഗരത്തില്‍ നിന്നു ഗുരുവായൂരിലേക്ക് രാത്രി 10.30നാണു പെരിന്തല്‍മണ്ണ സ്വദേശിയെന്നു പരിചയപ്പെടുത്തിയ ആള്‍ ഓട്ടം വിളിച്ചത്. തുടര്‍ന്ന് ഓട്ടം പോയി. ഗുരുവായൂര്‍ അമ്പലത്തിന്റെ കിഴക്കേനടയിലെത്തിയപ്പോള്‍ യാത്രക്കാരന്‍ ഇറങ്ങി. തുടര്‍ന്നാണ് ഇയാള്‍ പറഞ്ഞത് തന്റെ കൈയ്യില്‍ പണമില്ലെന്ന്. ഇതോടെ രേവത് തനിക്ക് ഈ അടുത്ത് നടന്ന തിരുവനന്തപുരത്തേക്ക് ഓട്ടം പോയ ദുരനുഭവം ഇയാള്‍ക്ക് പറഞ്ഞു കൊടുത്തു. മാത്രവുമല്ല പണം തരാതെ പോകല്ലെ എന്നും അഭ്യര്‍ത്ഥിച്ചു.

രേവതും യാത്രക്കാരനും സംസാരിക്കുന്നത് കണ്ട് അമ്പലനടയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ടു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. ഇതോടെ സഞ്ചിയില്‍ നിന്ന് സ്വര്‍ണനിറമുള്ള മാലയെടുത്ത് ഇത് ഓട്ടോക്കാരനു കൊടുക്കാമെന്നു യാത്രക്കാരന്‍ പറഞ്ഞു. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയതോടെ അമ്പല പൊലീസ് യാത്രക്കാരന്റെ മൊബൈലില്‍ നിന്നു ബന്ധുവിന്റെ നമ്പര്‍ എടുത്ത് അയാള്‍ക്ക് വിളിച്ചു. ഇതോടെയാണ് ഇയാളെ കുറിച്ച് കൂടുതല്‍ അറിഞ്ഞത്. ഇയാള്‍ വീടുവിട്ടു പോയിട്ട് മാസങ്ങളായെന്നും കറങ്ങി നടക്കുന്നതാണ് പതിവെന്നുമായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. അത് മാത്രവുമല്ല സ്വര്‍ണം തന്നെന്നു പറഞ്ഞപ്പോള്‍ അത് മുക്കുപണ്ടമാകാനാണു സാധ്യതയെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഇതോടെ രേവത് ആകെ തകര്‍ന്നു. തിരുവനന്തപുരം ഓട്ടത്തിനു പിന്നാലെ അടുത്ത അക്കിടി പറ്റി എന്ന പോലെയായി. ഇതോടെ രേവതിന്റെ അവസ്ഥ കണ്ട് അമ്പലം കമ്മിറ്റിക്കാര്‍ ഡീസല്‍ കാശായി 200 രൂപ കൊടുത്തു. ഇതുമായി മടങ്ങുമ്പോള്‍ യാത്രക്കാരന്‍ വീണ്ടും രേവതിന്റെ ഓട്ടോയില്‍ കയറി. ഇത്തവണ തൃശൂരില്‍ നിന്നു പൈസ വാങ്ങിത്തരാമെന്നായിരുന്നു വാക്ക്. തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ ഇറങ്ങിയ യാത്രക്കാരന്‍ കൂലിക്കുപകരം അതേ മാല തന്നെ എടുത്തുകൊടുത്തു.

ഇതോടെ മുക്കുപണ്ടം കിട്ടിയിട്ടെന്താ കാര്യമെന്ന് രേവത് ചോദിച്ചു. അതോടെ യാത്രക്കാരന്‍ അയാളുടെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും നല്‍കി. ഓട്ടോക്കൂലി തരുമ്പോള്‍ തിരിച്ചു തന്നാല്‍ മതിയെന്നു പറഞ്ഞാണ് കക്ഷി പോയത്. എന്നാല്‍ രണ്ടുദിവസമായിട്ടും പൈസ തരാന്‍ അയാള്‍ എത്താതായപ്പോള്‍ രേവത് ഒരു കൗതുകത്തിന് സുഹൃത്തിന്റെ സ്വര്‍ണക്കടയില്‍ മാല കൊണ്ടു ചെന്ന് ഉരച്ചു നോക്കിയപ്പോള്‍ ആണ് അത് തനി സ്വര്‍ണമാണെന്ന് അറിഞ്ഞത്. മാത്രവുമല്ല 2 പവന്‍ തൂക്കവുമുണ്ട്. നേരിയ മനോവൈകല്യമുള്ളവരെപ്പോലെയാണ് അയാള്‍ പെരുമാറിയതെന്ന് അമ്പല പൊലീസ് പറയുന്നു. എന്തായാലും ഓട്ടോക്കൂലിയുമായി ആ യാത്രക്കാരന്‍ വന്നാല്‍ തിരിച്ചു കൊടുക്കാന്‍ മാലയും മൊബൈലുമായി നടക്കുകയാണ് രേവത് ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here