കേരളത്തിലെ ക്ഷേത്രങ്ങളിലൂടെ; കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം..

കേരളത്തിലെ ഏറ്റവും അപൂർവ്വമായ ക്ഷേത്രം ഏതാണ് എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. അത് കാസർകോഡുള്ള തടാക ക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം ക്ഷേത്രമാണ്. ദേവീ ദേവൻമാരുടെ സംഗമഭൂമി എന്ന് അവകാശപ്പെടുന്ന കാസർകോഡ് നിർമ്മാണം കൊണ്ടും ആചാരാനുഷ്ഠാനങ്ങൾകൊണ്ടും ആരാധനാ ശൈലി കൊണ്ടും ഒക്കെ വളരെ വ്യത്യസ്തമായി നിലകൊള്ളുന്ന ക്ഷേത്രമാണ് അനന്തപുരം ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം. തിരുവനന്തപുരത്തെ അനന്തത്മനാഭന്റെ മൂലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ അനന്തപുരി ക്ഷേത്രത്തിലായിരുന്നുവത്രെ അന്തപത്മനാഭൻ വസിച്ചിരുന്നത്. കേരളത്തിൽ തടാകത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന, സസ്യാഹാരിയായ മുതല കാവൽ നിൽക്കുന്ന അന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം എന്ന അപൂർവ്വ ക്ഷേത്രം!

കാസർകോഡിന്റെ സരോവര ക്ഷേത്രം

പുഴയുടെ തീരത്തും കുളത്തിനോടു ചേർന്നും ഒക്കെ ധാരാളം ക്ഷേത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു തടാകത്തിന്റെ നടുവിലാണ് അനന്തപുരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അപൂർവ്വങ്ങളിൽ അപൂര്‍വ്വമായാണ് ഈ ക്ഷേത്ര നിർമ്മിതി അറിയപ്പെടുന്നത്. വിശാലമായ കുളത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സരോവര ക്ഷേത്രം എന്നും അറിയപ്പെടുന്നുണ്ട്. വർഷത്തിൽ എല്ലാ ദിവസവും ഇവിടെ വെള്ളം നിറ‍ഞ്ഞിരിക്കും.

പത്മനാഭ സ്വാമിയുടെ മൂലസ്ഥാനം

തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ മൂല ക്ഷേത്രം എന്ന നിലയിലും ഇത് പ്രസിദ്ധമാണ്. അവിടുത്തെ പോലെ തന്നെ ഇവിടെയും അനന്തപത്മനാഭ സ്വാമിയെയാണ് ആരാധിക്കുന്നത്. അതിശയിപ്പിക്കുന്ന കഥകളാൽ ഇരു ക്ഷേത്രങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ ക്ഷേത്രം നിർമ്മിക്കുന്നതിനു മുൻപ് വരെ അനന്തപത്മനാഭൻ ഇവിടെയായിരുന്നുവത്രെ വസിച്ചിരുന്നത്. തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ ഭഗവാന്‍ കിടക്കുന്ന രൂപത്തിലാണെങ്കിൽ ഇവിടെ ഭഗവാൻ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

കാസർകോഡു നിന്നും തിരുവനന്തപുരം വരെ നീളുന്ന ഗുഹ

കാസർകോഡു നിന്നും തിരുവനന്തപുരം വരെ നീളുന്ന അതിവിചിത്രമായ ഒരു ഗുഹ ഇവിടെ കാണാം. ഇതിനു പിന്നിലും കഥകളും ഐതിഹ്യങ്ങളും ഏറെയുണ്ട്. പ്രശസ്തനായിരുന്ന വില്വമംഗല സ്വാമികൾ കുറേക്കാലം ക്ഷേത്രത്തിൽ ഉപാസിച്ചു വന്നിരുന്നുവത്രെ. ഒരിക്കൽ അദ്ദേഹത്തെ സഹായിക്കാനായി ഒരു ബാലൻ ഉവിടെ എത്തി. ഊരും പേരും അറിയാത്ത അവനെ സ്വാമി എല്ലാ കാര്യങ്ങളിലും തന്റെ കൂടെക്കൂട്ടി. ഒരിക്കൽ സ്വാമി പൂജ ചെയ്തുകൊണ്ടിരുന്നപ്പോൾ ഈ ബാലൻ കുസൃതി കാണിക്കുകയുണ്ടായി. പൂജാസാധനങ്ങള എടുത്ത് പെരുമാറിയ ബാലനെ സ്വാമി വേഗം തള്ളിമാറ്റി. ആ ശക്തിയിൽ ദൂരേക്ക് തെറിച്ചു വീണപ്പോൾ അവിടെ ഒരു ഗുഹ പ്രത്യക്ഷപ്പെട്ടുവത്രെ. ബാലന്റെ ദിവ്യത്വം മനസ്സിലായ സ്വാമി വേഗം തന്നെ അവന്റെ പുറകേ പോയി. എന്നാൽ അവിടെ ബാലനെ കണ്ടില്ല എന്നു മാത്രമല്ല, മുന്നിൽ ഓം കാരത്തിന്‍റെ ഒര ജ്യോതിർലിംഗമാണ് കണ്ടത്. അതിന്റെ പിന്നാലേ പോയ സ്വാമി ഒടുവിൽ എത്തിപ്പെട്ടത് കേരളത്തിന്റെ തെക്കേ അറ്റത്താണ്. ഇവിടെ എത്തിയപ്പോൾ ബാലൻ വീണ്ടും പ്രത്യക്ഷപ്പെടുകയും തന്റെ പ്രവർത്തിയിൽ പശ്ചാത്തപിച്ച സ്വാമിയെ ഭഗവാൻ ആശ്വസിപ്പിക്കുകയും ചെയ്തു. ഇങ്ങനെ സ്വാമിയും ഭഗവാനും തമ്മിൽ കൂടിക്കാഴ്ച നടന്ന സ്ഥലമാണ് അനന്തൻകാട് അഥവാ ഇന്നത്തെ തിരുവനന്തപുരം. കൂടിക്കാഴ്ചയ്ക്ക് ശേഷം ഭഗവാൻ വിശ്രമിക്കാനായി ഒരുങ്ങിയപ്പോൾ ഒരു സർപ്പം പ്രത്യക്ഷപ്പെട്ട് തന്റെ മുകളില്‍ കിടക്കുവാൻ ഭഗവാനോട് അപേക്ഷിക്കുകയും അദ്ദേഹം അത് കൈക്കൊള്ളുകയും ചെയ്തുവത്രെെ. അങ്ങനെയാണ് അവിടുത്തെ പ്രതിഷ്ഠ അനന്തശയനം എന്ന പേരിൽ അറിയപ്പെടുന്നത്.

അടയാളങ്ങളൊളിഞ്ഞിരിക്കുന്ന അത്ഭുത ഗുഹ

അനന്തപത്മനാഭൻ ക്ഷേത്രത്തിൽ നിന്നും തിരുവനന്തപുരം വരെ സഞ്ചരിച്ച ഗുഹ ഇന്നും ഇവിടെ കാണാം. കാലത്തിന്റെ അടയാളങ്ങൾ ഉണ്ടെങ്കിലും വളരെ വിശുദ്ധമായാണ് ഇതിനെ സംരക്ഷിച്ചു പോരുന്നത്. ഇവിടുത്തെ മൊഗ്രാൽ എന്ന സ്ഥലത്തിനു സമീപത്തുള്ള നാങ്കുഴി എന്ന സ്ഥലത്ത് ഇതിന്റെ അടയാളങ്ങളായി കറുത്ത കല്ലിൽ കൊത്തിയിരിക്കുന്ന രണ്ടു പാദങ്ങളുടെ ആകൃതി കാണാൻ സാധിക്കും. തടാകത്തിന്റെ വലതു ഭാഗത്താണ് ഈ ഗുഹയുടെ കവാടമുള്ളത്.വില്വമംഗലം സ്വാമി നടന്നുപോയ ഗുഹ ഇന്നും ക്ഷേത്രത്തിനു സമീപം സംരക്ഷിക്കപ്പെടുന്നു. ഈ ഗുഹയുടെ നടുവിലായി ഒമൂന്നടി ആഴമുള്ള ഒരു കുഴിയുണ്ടെന്നും വർഷത്തിൽ എല്ലായ്പ്പോഴും അതിൽ വെള്ളം നിറ‍ഞ്ഞു കിടക്കാറുണ്ടെന്നുമാണ് വിശ്വാസം. ഒട്ടേറെ രഹസ്യങ്ങളുടെ കാവൽക്കാരൻ കൂടിയാണ് ഈ ഗുഹ എന്നും വിശ്വാസമുണ്ട്.

വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകോവിൽ

തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ശ്രീ കോവിൽ ജലത്താൽ ചുറ്റപ്പെട്ടാണുള്ളത്. യഥാർഥത്തിൽ വലിയ കറുത്ത പാറക്കല്ലിന്റെ നടുവിൽ തടാകം നിർമ്മിച്ച് അതിന്റെ നടുവിൽ ക്ഷേത്രം സ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നത്. 100×100അടി വിസ്തൃതിയിലുള്ള ഈ കുളത്തിൽ പാലം വഴിയാണ് കടക്കുന്നത്.

എത്ര മഴ പെയ്താലും….

തടാകത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ എത്തുന്ന എല്ലാവർക്കും ഉണ്ടാകുന്ന സംശയമാണ് തടാകത്തിലെ ജലനിരപ്പ് ഉയരുമോ എന്നത്. എന്നാൽ കാലവർഷം എത്ര കനത്താലും വെള്ളം എത്ര പൊങ്ങിയാലും ഇവിടെ ഒന്നും സംഭവിക്കില്ലത്രെ. തടാകത്തിലെ ജലനിരപ്പ് എന്നും ഒരേ അളവിലായിരിക്കും.

ക്ഷേത്രക്കുളത്തിലെ സസ്യാഹാരിയായ മുതല

ഐതിഹ്യങ്ങൾകൊണ്ടും കഥകൾകൊണ്ടും മാത്രം അവസാനിക്കുന്നതല്ല ഇവിടുത്തെ അത്ഭുതങ്ങൾ. സസ്യാഹാരം മാത്രം കഴിച്ച് ക്ഷേത്രക്കുളത്തിൽ ജീവിക്കുന്ന ബാബിയ എന്നു പേരായ ഒരു മുതല ഇവിടുത്തെ താരം തന്നെയാണ്. കുളത്തിനുള്ളിലെ രണ്ടു ഗുഹകളിലായാണ് ഈ മുതല വസിക്കുന്നത്. സാധാരണയായി ക്ഷേത്രത്തിലെ നിവേദ്യം മാത്രമാണ് ഇതിൻറെ ഭക്ഷണം. ഈ സമയത്തു മാത്രമേ മുതലയെ വെള്ളത്തിനു മുകളിൽ കാണുവാൻ സാധിക്കുകയുളളു.1945 ൽ ബ്രിട്ടീഷ് സൈന്യത്തിന്റെ താവളമായിരുന്നുവത്രെ ഈ ക്ഷേത്രം. ക്ഷേത്രക്കുളത്തിലെ മുതലയുടെ കഥകൾ കേട്ടറിഞ്ഞ സൈന്യത്തിന് അതിനെ നേരിൽ കാണുവാൻ മോഹമായി. വിശ്വാസികളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുക എന്ന ഉദ്ദേശത്തിലായിരുന്നു അവർ ഇത് ആവശ്യപ്പെട്ടത്. മുതലയെ പരീക്ഷിക്കാനായി ക്ഷേത്രക്കുളത്തിൽ ചെന്ന് അവർ ബബിയാ എന്നു വിളിച്ചപ്പോൾ മുതലെ വെള്ളത്തിന്റെ മുകളിലേക്ക് വന്നുവത്രെ. ഇതുകണ്ട സൈനികരിലൊരാൾ എന്താണ് ചെയ്യേണ്ടെതെന്നു മനസ്സിലാതാകെ കയ്യിലിരുന്ന തോക്കുപയോഗിച്ച് അതിനെ വെടിവെച്ചു.മുതലയെ വെടിവെച്ചതും സമീപത്തെ മരത്തിന്റെ മുകളിൽ നിന്നും ഒരു വിഷ ജീവി സൈനികന്റെ ദേഹത്തേയ്ക്ക് പാഞ്ഞുകയറി അയാളെ അക്രമിക്കുകയും മുതലയോടൊപ്പം സൈനികനും മരിക്കുകയും ചെയ്തു. പിന്നീട് മുതലയെ ഒരു മനുഷ്യനെ സംസ്കരിക്കുന്നതുപൊലെ ക്ഷേത്രത്തിനു സമീപം സംസ്കരിച്ചു. അതുകഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം മറ്റൊരു മുതല കുളത്തിൽ പ്രത്യക്ഷപ്പെടുകയും ആളുകൾ ഇതിയെ ബബിയ എന്നു തന്നെ വിളിച്ചുപോരുകയും ചെയ്യുന്നു. കഴിഞ്ഞ അറുപതിലധികം വർഷമായി മുതല ഈ കുളത്തിൽ ജീവിക്കുന്നു.

ടുശർക്കര യോഗവും ചുവർചിത്രങ്ങളും

വളരെ അപൂർവ്വമായി മാത്രം നിർമ്മിക്കുന്ന കടുശർക്കര യോഗം ഉപയോഗിച്ചാണ് ഇവിടെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രം, അനന്തപുര തടാകക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ ശ്രീപത്മനാഭ പ്രതിഷ്ഠകള്‍ എന്നിവ മാത്രമാണ് കടുശർക്കര യോഗത്തിൽ നിർമ്മിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ചുവർചിത്രങ്ങളാണ് ഇവിടുത്തെ മറ്റൊരാകർഷണം. തികച്ചും പ്രകൃതി ദത്തമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഇതിന്റെ തിളക്കം ഇത്രയും വർഷങ്ങൾക്കു ശേഷവും നഷ്ടപ്പെട്ടിട്ടില്ല.

എത്തിച്ചേരാൻ……

കാസർകോഡു നിന്നും 16 കിലോമീറ്റർ അകലെയാണ് അനന്തത്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാസർകോഡു നിന്നും 11 കിലോമീറ്റർ ദൂരം സഞ്ചരിച്ച് കുമ്പളയിലെത്തുക. അവിടെ നിന്നും കുമ്പശ-ബദിയടുക്ക പാതയിൂടെ നാലു കിലോമീറ്റര്‍ പോയാൽ നായിക്കാപ്പ് എന്ന സ്ഥലത്തെത്താം. അവിടെ നിന്നും ഒരു കിലോമീറ്റർ ദൂരമേയുള്ളു ക്ഷേത്രത്തിലേക്ക്.മംഗലാപുരത്തു നിന്നും വരുന്നവർ 39 കിലോമീറ്റർ അകലെയുള്ള കുമ്പളയിലേക്ക് മംഗലാപുരം-കാസർകോഡ് ദേശീയ പാതയിലൂടെ വേണം വരുവാൻ.

guest
0 Comments
Inline Feedbacks
View all comments