തിരുവനന്തപുരം ⬤ നികുതി ഇളവോടെ വിദേശത്തുനിന്ന് സാധനങ്ങൾ കൊണ്ടുവരാൻ യുഎഇ കോൺസുലേറ്റ് 11 തവണ അനുമതി തേടിയതായി പ്രോട്ടോകോൾ വിഭാഗം ദേശീയ അന്വേഷണ ഏജൻസിയെയും (എൻഐഎ) കസ്റ്റംസിനെയും അറിയിച്ചു. 2016 മുതൽ 2018 വരെയുള്ള കാലയളവിലാണ് അനുമതി നൽകിയത്. 2018നു ശേഷം കോൺസുലേറ്റ് അനുമതി തേടിയിരുന്നില്ലെന്നും പ്രോട്ടോകോൾ വിഭാഗം വ്യക്തമാക്കി.

വാഹനങ്ങൾ കൊണ്ടുവരാനാണ് കോൺസുലേറ്റിൽനിന്ന് കൂടുതൽ അപേക്ഷകൾ ലഭിച്ചത്. വാഹനങ്ങൾക്കായി ആറു തവണ അനുമതി തേടി. വീട്ടുപകരണങ്ങൾ, ശുചിമുറി ഉപകരണങ്ങൾ, ഭക്ഷണസാധനങ്ങൾ, ഈന്തപ്പഴങ്ങൾ എന്നിവ കൊണ്ടുവരുന്നതിനും അനുമതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നൽകുന്നതിനാണ് ഈന്തപ്പഴം കൊണ്ടുവന്നത്. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടതനുസരിച്ച്, ഇളവുകള്‍ക്കായി അപേക്ഷ നൽകിയ ഉദ്യോഗസ്ഥന്റെയും അനുമതി നൽകിയ ഉദ്യോഗസ്ഥന്റെയും പേരും സ്ഥാനപേരും, നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പുകളുടെ പകർപ്പും കൈമാറി.

പ്രോട്ടോകോള്‍ അനുസരിച്ച്, 20 ലക്ഷത്തിൽ താഴെ വിലയുള്ള സാധനങ്ങൾ വിദേശത്തുനിന്ന് കൊണ്ടുവരുമ്പോൾ നികുതി ഇളവിനു സംസ്ഥാന പ്രോട്ടോകോൾ ഉദ്യോഗസ്ഥന്റെ അനുമതി ആവശ്യമാണ്. അതിനു മുകളിൽ വിലയുള്ള സാധനങ്ങൾക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടണം. നികുതി ഇളവു വേണ്ടെങ്കിൽ പ്രോട്ടോകോൾ വിഭാഗത്തിന്റെ അനുമതി ആവശ്യമില്ല.

നികുതി ഇളവിനു തടസമില്ലെന്നു ‘വെർബൽ നോട്ട്’ വഴിയാണ് പ്രോട്ടോകോൾ വിഭാഗം കോൺസുലേറ്റിനെ അറിയിക്കുന്നത്. പിന്നീട്, കോൺസുലേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒപ്പിട്ട ഫോമുകൾ (ഫോം 7, 8, 9) പൂരിപ്പിച്ച് പ്രോട്ടോകോൾ വിഭാഗത്തിൽ നൽകണം. പ്രോട്ടോകോൾ ഓഫിസർ ഒപ്പിട്ടശേഷം കസ്റ്റംസിനു നൽകും. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിശദമായ വിവരങ്ങൾ ഫോമിൽ രേഖപ്പെടുത്തണം.

നികുതി ഇളവു നൽകി കാർ വിദേശത്തുനിന്ന് കൊണ്ടുവരണമെങ്കിൽ കാറിന്റെ വില, മോഡൽ അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തെ അറിയിക്കണം. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾക്ക് അനുമതി നൽകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here