ഗുരുവായൂർ: ചാവക്കാട് ഫർക്ക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ.സെയ്തുമുഹമ്മദ് അവിശ്വാസത്തിലൂടെ പുറത്തായി. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിൽ കോൺഗ്രസുക്കാരനായ പ്രസിഡന്റിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗമാണ് അവിശ്വാസം കൊണ്ടുവന്നിരുന്നത്. 13 അംഗങ്ങളുള്ള ഭരണസമിതിയിലെ 7 അംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തു. ആറ് അംഗങ്ങൾ പങ്കെടുത്തില്ല. ഹാജരായ ഏഴ് അംഗങ്ങളും അവിശ്വാസത്തിൽ ഉറച്ചു നിന്നതോടെയാണ് അവിശ്വാസം പാസായത്. സഹകരണ വകുപ്പ് സ്‌പെഷ്യൽ ഗ്രേഡ് ഇൻസ്‌പെക്ടർ രാമചന്ദ്രൻ വരണാധികാരിയായി.

കോൺഗ്രസ് ഐ വിഭാഗക്കാരനായിരുന്നു കെ.കെ. സെയ്തുമുഹമ്മദ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും ബാങ്ക് ഭരണസമിതി അംഗവുമായ സി.എ.ഗോപപ്രതാപന്റെ നേതൃത്വത്തിൽ ഐ വിഭാഗക്കാരായ അഞ്ച് അംഗങ്ങളാണ് നേരത്തെ അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നത്. ഇതേ തുടർന്ന് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പത്മജ വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ മാസം 6ന് യോഗം ചേരുകയും തദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അവിശ്വാസം അവതരിപ്പിയ്ക്കാതെ മാറ്റിവെയ്ക്കാൻ ധാരണയാകുകയും ചെയ്തിരുന്നു. ഇതിനിടെ ബാങ്ക് ഭരണസമിതി അംഗവും ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചാക്കോ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ ബാങ്ക് അംഗത്വത്തിന് യോഗ്യരല്ലെന്ന് കാണിച്ച് സിപിഎം സഹകരണ വകുപ്പിന് പരാതി നൽകി. സിപിഎം ഏരിയാ കമ്മിറ്റി അംഗവും മുൻ ചാവക്കാട് നഗരസഭാ ചെയർമാനുമായ നസീം അബുവാണ് ജോയിന്റ് രജിസ്ട്രാർക്ക് പരാതി കൊടുത്തത്. ഇതിന് പിന്നിൽ ബാങ്ക് പ്രസിഡന്റ് സെയ്തുമുഹമ്മദാണെന്ന് മനസ്സിലാക്കിയ കോൺഗ്രസ് അംഗങ്ങൾ കോൺഗ്രസ് ജില്ലാ നേതൃത്വത്തെ ബോധ്യപ്പെടുത്തി.തുടർന്ന് കെ.കെ. സെയ്തുമുഹമ്മദിനോട് ജില്ലാ നേതൃത്വം ബാങ്ക് പ്രസിഡന്റ് പദവിയിൽ നിന്ന് രാജി ആവശ്യപ്പെടുകയും ചെയ്തു. സെയ്തുമുഹമ്മദ് രാജി വെയ്ക്കാതെ അവിശ്വാസ പ്രമേയം സ്റ്റേ ചെയ്യുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും സെയ്തുമുഹമ്മദിന്റെ ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയതിനെ തുടർന്നാണ് ഇന്നലെ അവിശ്വാസം ചർച്ച ചെയ്തത്.

കോൺഗ്രസിലെ ഐ വിഭാഗക്കാരായ പി.വി.ബദറുദ്ദീൻ, കെ.ജെ.ചാക്കോ, മീര ഗോപാലകൃഷ്ണൻ, ബിന്ദു നാരായണൻ, ദേവിക നാരായണൻ, ലീഗിലെ പി.കെ.അബൂബക്കർ, നിയാസ് അഹമ്മദ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. അവിശ്വാസത്തിന് നോട്ടീസ് നൽകിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ, ബാങ്ക് പ്രസിഡന്റ് കെ.കെ.സെയ്തുമുഹമ്മദ്, കോൺഗ്രസ് എ വിഭാഗക്കാരായ കെ.വേണുഗോപാൽ, പ്രശാന്ത് ചക്കര, എൻ.കെ.വിമല, സലാം വെന്മേനാട് എന്നിവരാണ് യോഗത്തിൽ നിന്നും വിട്ടു നിന്നത്.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തന്നെ അവിശ്വാസത്തിൽ പങ്കെടുത്താൽ പാർട്ടി നടപടിയുണ്ടാകാം എന്നതിനാലാണ് ഗോപപ്രതാപൻ വിട്ടു നിൽക്കുന്നതിന് കാരണമായത്. കഴിഞ്ഞ ദിവസം കെ.പി.സി.സി. സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൾമുത്തലീബ് കോൺഗ്രസ് അംഗങ്ങളോട് അവിശ്വാസത്തിൽ പങ്കെടുക്കരുതെന്ന് കാണിച്ച് കത്ത് നൽകിയിരുന്നു. എന്നാൽ തങ്ങൾക്ക് കത്ത് ലഭിച്ചിട്ടില്ലായെന്നാണ് കോൺഗ്രസ് അംഗങ്ങൾ അറിയിച്ചിട്ടുള്ളത്. അവിശ്വാസം പാസായതോടെ ബാങ്ക് പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കറിന് കൈമാറും. ഒരു മാസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here