തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് അധികൃതര്‍. പ്രോട്ടോക്കോള്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നും ഗസ്റ്റ്ഹൗസുകളിലെ റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളാണ് നശിച്ചത് മറ്റൊന്നും നശിച്ചിട്ടില്ലെന്നും അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ രാജീവന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സുപ്രധാനമായ ഒരു ഫയലും നശിച്ചില്ല. റൂം ബുക്കിംഗുമായി ബന്ധപ്പെട്ടുള്ള ഒരു റാക്കിലെ ഫയല്‍ മാത്രമാണ് നശിച്ചതെന്ന് അഡീഷണല്‍ സെക്രട്ടറി പി ഹണി ട്വന്റിഫോറിനോട് പറഞ്ഞു.


ഇന്ന് വൈകുന്നേരമാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസില്‍ തീപിടിച്ചത്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തി തീ അണച്ചു. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

അതേസമയം, വിഷയത്തില്‍ രാഷ്ട്രീയ ആരോപണങ്ങളുമായി വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് എത്തി. സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് പ്രോട്ടോകോള്‍ ഓഫീസിലാണ് കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ ഉണ്ടാവുക. അവിടെ തീപിടുത്തം ഉണ്ടായാല്‍ അത് തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢലോചനയാണ്. തെളിവുകള്‍ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here