തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തിരുവനന്തപുരം എംജി റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ പരിസരത്തേക്ക് പ്രതിഷേധവുമായെത്തി. പൊലീസ് ബാരിക്കേഡ് വച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.

അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടുത്തം എന്‍ഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണ് തിപിടുത്തത്തിലൂടെ ഉണ്ടായത്. മൂന്ന് സെക്ഷനിലാണ് തീപിടുത്തം ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മൂന്നു സെക്ഷനുകളിലുമായി പ്രധാനപ്പെട്ട ഫയലുകളാണ് കത്തിപ്പോയതെന്ന് മനസിലാക്കാന്‍ സാധിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

ധാരാളം ഫയലുകള്‍ തീപിടിച്ച് നശിച്ചു. സ്വര്‍ണകള്ളക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ഫയലുകളാണ് കത്തിനശിച്ചത്. ഇലക്ട്രിക്കല്‍ ഫാനിന്റെ സ്വിച്ചില്‍ നിന്നുണ്ടായ തീപിടുത്തമെന്നാണ് പറയുന്നത്. സെക്രട്ടേറിയറ്റിന് അകത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് കൊടുത്തിട്ടില്ല. ഇതെല്ലാം സംശയാസ്പദമായ കാര്യങ്ങളാണ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെക്രട്ടറി കൗശികനും നാല് ഉന്നത ഉദ്യോഗസ്ഥരും അന്വേഷിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ അന്വേഷണം സ്വീകര്യമല്ല. വിഷയത്തില്‍ എന്‍ഐഎ അന്വേഷണം വേണം. ഇത് അട്ടിമറിയാണ്. തെളിവ് നശിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളെ ബോധപൂര്‍വമായി രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ കരിദിനം സംസ്ഥാന വ്യാപകമായി ആചരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here