തിരുവനന്തപുരം ⬤ പൊതുഭരണ പൊളിറ്റിക്കൽ വിഭാഗത്തിന്റെ പ്രധാന്യമാണ് തീപിടിത്തത്തെ രാഷ്ട്രീയ വിവാദമാക്കുന്നത്. സംസ്ഥാനത്തെ പ്രോട്ടോകോൾ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഈ വിഭാഗമാണ്. സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഈ വിഭാഗത്തിന്റെ പേര് പൊളിറ്റിക്കൽ ആന്റ് മിലിറ്ററി എന്നായിരുന്നു. പേരിൽതന്നെ രഹസ്യ സ്വഭാവം വ്യക്തം. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും ഓഫിസിനോടു ചേർന്നാണ് പ്രോട്ടോകോൾ വിഭാഗം. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിനെ മെയിൻ ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന നോർത്ത് സാൻവിച്ച് ബ്ലോക്കിലാണ് പ്രോട്ടോകോൾ വിഭാഗം വർഷങ്ങളായി പ്രവർത്തിക്കുന്നത്.

ഗവർണർമാരുടെയും മന്ത്രിസഭയുടേയും സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ വിഭാഗത്തിലാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സർക്കാരിന്റെ അതിഥികളെത്തുമ്പോൾ സ്വീകരിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതും അവർക്കു വേണ്ട സൗകര്യമൊരുക്കുന്നതും ഈ വിഭാഗമാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ, കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയിലും ഈ വിഭാഗം തീരുമാനമെടുക്കുന്നു. മന്ത്രിമാർ സ്വന്തം ചെലവിലോ, മറ്റുള്ളവരുടെ ചെലവിലോ വിദേശത്തു സന്ദര്‍ശനം നടത്തുകയാണെങ്കിൽ അക്കാര്യം പ്രോട്ടോകോൾ വിഭാഗം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച് അനുവാദം വാങ്ങണം. വിദേശത്തുനിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്ന പൊളിറ്റിക്കൽ 1 (ഇൻകമിങ് വിസിറ്റ്) വിഭാഗമാണ് കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. അതിഥികളെത്തുന്നതിനു മുൻപ് കേന്ദ്രവിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളിൽനിന്ന് അനുമതി തേടേണ്ടതുണ്ട്. ലൈഫ് മിഷന്റെ ഭാഗമായി വിദേശത്തുനിന്ന് ആളുകളെത്തി കരാർ ഒപ്പിടുന്നതിനു മുൻപ് അനുവാദം വാങ്ങിയിരുന്നോ എന്ന കാര്യമാണ് എൻഐഎ പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച ഫയലുകൾ അവർ ആവശ്യപ്പെട്ടിട്ടുണ്ട്. തീപിടിത്തം രാഷ്ട്രീയവിവാദമായതിനു കാരണവും ഇതാണ്.

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും പ്രോട്ടോകോൾ വിഭാഗമാണ്. കോൺസുലേറ്റിന്റെ സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഈ വിഭാഗത്തെ ബന്ധപ്പെടണം. ഇവിടെ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾക്കു വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടണം. കോൺസൽ ജനറലിനു പുറത്തെ പരിപാടികളിൽ പങ്കെടുക്കുന്നതിനു പ്രോട്ടോകോള്‍ വിഭാഗത്തിന്റെ അനുമതി ആവശ്യമാണ്.

ഇ ഫയൽ സംവിധാനം സെക്രട്ടേറിയറ്റിൽ നിലവിൽ വന്നെങ്കിലും പ്രധാന ഫയലുകൾ ഇപ്പോഴും കടലാസു രൂപത്തിലാണ് സൂക്ഷിക്കുന്നത്. പ്രോട്ടോകോൾ വിഭാഗത്തിലെ പ്രധാന ഫയലുകളെല്ലാം കടലാസുരൂപത്തിലുള്ളതാണ്. സെക്രട്ടേറിയറ്റിലെ മറ്റു വിഭാഗങ്ങളിലെ ഫയൽ സൂക്ഷിക്കുന്നത് പഴയ അസംബ്ലി ഹാളിനോട് ചേർന്ന റെക്കോർഡ് റൂമിലാണെങ്കിൽ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ രഹസ്യസ്വഭാവം സൂക്ഷിക്കാൻ പ്രോട്ടോകോൾ വിഭാഗത്തിൽതന്നെയാണു സൂക്ഷിക്കുന്നത്. സംസ്ഥാനത്തെ ആദ്യമന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങൾ മുതലുള്ള ഫയലുകൾ ഈ വിഭാഗത്തിലുണ്ട്.

സെക്രട്ടേറിയറ്റിൽ ഏതു തപാൽ വന്നാലും നമ്പരിട്ട് അതതു വകുപ്പ് സെക്രട്ടറിക്ക് കൈമാറുകയാണു ചെയ്യുന്നത്. പൊളിറ്റിക്കൽ വിഭാഗത്തിൽ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ പ്രത്യേക നമ്പരിങ് സംവിധാനമുണ്ട്. 5 അസിസ്റ്റൻറുമാരും 1 സെക്ഷൻ ഓഫിസറും, അസി.പ്രോട്ടോകോൾ ഓഫിസറും (സെക്ഷൻ ഓഫിസർ), അഡീ പ്രോട്ടോകോൾ ഓഫിസറും (അണ്ടർ സെക്രട്ടറി), സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസറും (ഡെപ്യൂട്ടി, ജോയിൻറ് സെക്രട്ടറി), ജോയിൻറ് ചീഫ് പ്രോട്ടോകോൾ ഓഫിസറും അടങ്ങുന്നതാണ് പ്രോട്ടോകോൾ വിഭാഗം. ചീഫ് പ്രോട്ടോകോൾ ഓഫിസർ ചീഫ് സെക്രട്ടറിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here