തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഏറെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. പക്ഷേ ഇന്നു നിയമസഭയില്‍ സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി ഒ രാജഗോപാല്‍ ഈ വിവാദങ്ങളില്‍ ഒരക്ഷരം പോലും പറഞ്ഞില്ല എന്നതാണ് ഏറെ ശ്രദ്ധേയം.

ഒരൊറ്റ അംഗമുള്ള ബിജെപിക്ക് വളരെ കുറച്ചു സമയം മാത്രമായിരുന്നു സംസാരിക്കാന്‍ അനുവദിച്ചത്. പക്ഷേ അനുവദിച്ച സമയം പോലും സംസാരിക്കാതിരുന്ന രാജഗോപാല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വിഷയം മാത്രമാണ് സഭയില്‍ പറഞ്ഞത്. വികസനത്തിന് എതിരു നില്‍ക്കുന്ന ഒരു സര്‍ക്കാരാണ് കേരളത്തിലേതെന്നു കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സന്ദേശം നല്‍കാനേ സംയുക്ത പ്രമേയത്തിലൂടെ കഴിയു എന്നു പറഞ്ഞതിന് ശേഷം അവസരം തന്നതിന് സ്പീക്കര്‍ക്ക് നന്ദി പറഞ്ഞു അവസാനിപ്പിക്കുകയായിരുന്നു രാജഗോപാല്‍. അതേസമയം രാജഗോപാലിന്റെ നടപടിയില്‍ അമ്പരന്നിരിക്കുകയാണ് ബിജെപി നേതൃത്വം. സ്വര്‍ണക്കടത്ത് വിവാദത്തില്‍ പാര്‍ട്ടി ഉന്നയിച്ച ആരോപണങ്ങള്‍ പോലും സഭയില്‍ പറയാന്‍ അവസരം കിട്ടിയിട്ട് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞല്ലെന്നാണ് വിമര്‍ശനം. എന്തുകൊണ്ടാണ് ഒ രാജഗോപാല്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ചോദിക്കുന്നുണ്ട്.

ഇത്തരമൊരു സാഹചര്യം മുന്നില്‍ കണ്ട് ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത സംസ്ഥാന നേതൃത്വത്തിനെതിരെയും പരാതിയുണ്ട്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സ്വീകരിക്കേണ്ട നിലപാടെന്തെന്ന് എംഎല്‍എയ്ക്ക് നിര്‍ദേശം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയാത്തതിലാണ് വിമര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here