ന്യൂഡല്‍ഹി: നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം നാളെ നടക്കാനിരിക്കേ, സോണിയ ഗാന്ധി ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. സംഘടനയില്‍ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ നല്‍കിയ കത്തിന് മറുപടിയായി ഇനിയും ഉത്തരവാദിത്തവുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല എന്ന് സോണിയ വ്യക്തമാക്കിയതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.


കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് ശശി തരൂര്‍, പി ജെ കുര്യന്‍ ഉള്‍പ്പെടെ 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചത് വാര്‍ത്തയായിരുന്നു. പൂര്‍ണ സമയം നേതൃത്വം വേണമെന്നാണ് നേതാക്കള്‍ മുഖ്യമായി ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായി സോണിയ ഗാന്ധി നേതൃത്വത്തിന് കത്ത് അയച്ചതായും പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്ന് ഇതില്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘ഇടക്കാല പ്രസിഡന്റായി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഒഴിയാനാണ് ആഗ്രഹം. പുതിയ പാര്‍ട്ടി പ്രസിഡന്റിനെ കണ്ടെത്തണം’ – കത്തിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം എഐസിസി നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല റിപ്പോര്‍ട്ടുകള്‍ തളളി. പദവി ഒഴിയാന്‍ തീരുമാനിച്ച് കൊണ്ട് സോണിയ ഗാന്ധി കത്ത് അയച്ചിട്ടില്ല എന്ന് സുര്‍ജേവാല വ്യക്തമാക്കി.

നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെയാണ് സോണിയഗാന്ധിക്ക് നേതാക്കള്‍ കത്തയച്ചത്. ആറ് ആവശ്യങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഘടന തെരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ സ്വതന്ത്ര്യ അതോറിറ്റി വേണം.  ഭരണഘടന പ്രകാരം എഐസിസി വരെ തെരഞ്ഞെടുപ്പ് നടത്തണമെന്നും പാര്‍ട്ടി വിട്ടവരെ തിരിച്ചെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പാര്‍ലമെന്റി ബോര്‍ഡ് രൂപീകരിക്കണം എന്നാവശ്യവും നേതാക്കള്‍ കത്തില്‍ ഉന്നയിക്കുന്നുണ്ട്. എഐസിസിയിലും പിസിസിയിലും മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം എന്നാണ് മറ്റൊരു പ്രധാന ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here