ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ ഒരുദിവസം 50 കല്യാണങ്ങൾ വരെ നടത്താൻ ഗുരുവായൂർ ദേവസ്വം അനുമതി. കോവിഡ് മാനദണ്ഡപ്രകാരം 40 കല്യാണങ്ങളേ ഒരുദിവസം അനുവദിച്ചിരുന്നുള്ളൂ. ചിങ്ങത്തിൽ കല്യാണങ്ങൾക്ക് ബുക്കിങ് കൂടിവരുന്നതിനാലാണ് എണ്ണം വർധിപ്പിച്ചത്. വെള്ളിയാഴ്‌ച 40 കല്യാണങ്ങളുണ്ട്. 24, 26, സെപ്‌റ്റംബർ 10, 13 തീയതികളിലും 40 എണ്ണം വീതമുണ്ട്‌. ഇത്രയും ദിവസത്തെ കല്യാണബുക്കിങ് രണ്ടാഴ്‌ചമുമ്പ് അവസാനിപ്പിച്ചിരുന്നു. നല്ലമുഹൂർത്തമുള്ള ഈ ദിവസങ്ങളിൽ കല്യാണം ബുക്ക് ചെയ്യാൻ കൂടുതൽ അപേക്ഷകൾ വന്നെങ്കിലും അന്ന് തിരിച്ചയയ്ക്കുകയായിരുന്നു.

കല്യാണങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നത്‌ ഭക്തരുടെ പൊതു ആവശ്യമായിരുന്നു. തുടർന്ന് എണ്ണം കൂട്ടാൻ അന്നത്തെ ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനിക്കേണ്ടതായിരുന്നെങ്കിലും അംഗങ്ങളുടെ ഇറങ്ങിപ്പോക്ക് കാരണം നടന്നില്ല. 60 കല്യാണങ്ങളാക്കി വർധിപ്പിക്കാനായിരുന്നു ആലോചനയെങ്കിലും തിരക്ക് നിയന്ത്രിക്കാൻ കഴിയില്ലെന്ന തീരുമാനപ്രകാരമാണ് 50 ആയത്.

ഒരുദിവസത്തേയ്ക്ക് 50 കല്യാണങ്ങളുടെ ബുക്കിങ് വ്യാഴാഴ്‌ച തുടങ്ങിയതായി ദേവസ്വം അറിയിച്ചു. കല്യാണങ്ങളുടെ എണ്ണം കൂട്ടിയെങ്കിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ മാറ്റമില്ല. ഫൊട്ടോഗ്രാഫർമാരടക്കം 12 പേരെ മാത്രമേ അനുവദിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here