ഷാർജ • നെല്ലോലകളിൽ പൊന്നിൻചിങ്ങം ഇന്ന് പുലരിവെട്ടം വീഴ്ത്തുമ്പോൾ ഷാർജയിലെ സുധീഷ് ഗുരുവായൂരിന്റെ വില്ലയിലും പുതുപ്രസരിപ്പ് നിറയും. ഇത്തവണ നട്ട ഉമ നെല്ല് ചതിക്കില്ലെന്ന പ്രതീക്ഷയിലാണ് സുധീഷും കുടുംബവും. ലോക് ഡൗണിനു മുമ്പായിരുന്നു ഇവിടെ ഞാറ് നട്ടത്. അതും അറുപതു കഴിഞ്ഞവർ ചേർന്ന് നടത്തിയ ഞാറു നടീലായിരുന്നു അത്. മരുഭൂമിയുടെ ഈ ഊഷര മണ്ണിനെ നമ്മുടെ നാട്ടിലെ വയലാക്കാം എന്നു തെളിയിച്ചതിനു പുറമെ കൃഷിയെ ഗൃഹാതുരതയോടെ ഓർക്കുന്ന ഒരു പറ്റം പച്ചമനുഷ്യർ ഈ വിസ്മയസൌധങ്ങളുടെ ദുബായിലുണ്ടെന്ന് തെളിയിക്കുക കൂടിയായിരുന്നു അന്ന്.

ഞാറ് നടാൻ താൽപര്യമുള്ള അറുപതു വയസ്സിനു മുകളിലുള്ളവർ ബന്ധപ്പെടണമെന്നായിരുന്നു സുധീഷ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ആളുകളുടെ പ്രതികരണം കണ്ട് കണ്ണുതള്ളിയെന്ന് സുധീഷും ഭാര്യ രാഗിയും പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ അടക്കമുള്ളവർ എത്തി ആഘോഷമായാണ് ഞാറു നടത്ത്. ഇനി ഇരുപതു ദിവസം കഴിഞ്ഞാൽ കൊയ്ത്തിനു പാകമാകും. സുധീഷിന്റെ വില്ലയിൽ വിളയാത്തത് ഒന്നുമില്ല. സംസ്ഥാന സർക്കാരിന്റെ രണ്ട് അവാർഡുകളും ഗിന്നസ് റെക്കോർഡും അഞ്ചു ലിംക റെക്കോർഡും ഇവിടെ വിളഞ്ഞിട്ടുണ്ട്.

ഇത്തവണത്തെ മുന്തിരി വിളവും ഏറെ സന്തോഷം നൽകിയ സുധീഷ് പറഞ്ഞു. ഇലക്ട്രിക്കൽ എൻജിനിയറായ സുധീഷ് സേവയിലെ ജോലി വിട്ടാണ് കൃഷി ഉപജീവനമാക്കിയത്. ഭാര്യ രാഗി എംഎസ്‌സി മൈക്രോ ബയോളജിക്കാരിയാണ്. പക്ഷേ, ഇപ്പോൾ ഭർത്താവിന്റെ പാതയിൽ. പൂർണ പിന്തുണയുമായി മക്കളായ ശ്രദ്ധയും ശ്രേയസ്സും. കൃഷിയുമായി ബന്ധപ്പെട്ട് ഗ്രീൻ ലൈഫ് എന്ന ഓർഗാനിക് കമ്പനിയിലൂടെ കൃഷി പ്രചരിപ്പിക്കുകയാണിവർ. ലോക് ഡൗൺ കാലത്തും ഇപ്പോഴും കൃഷിയോട് ആളുകൾക്ക് പ്രതിപത്തി കൂടിയിട്ടേയുള്ളൂ എന്നാണ് സുധീഷിന്റെ പക്ഷം. ചിങ്ങം പിറന്നപ്പോൾ രണ്ടുവില്ലകളിൽ കൃഷിയാരംഭം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here