തിരുവനന്തപുരം: ഒരു വിവാദവും ലൈഫ് മിഷന്‍ പദ്ധതിയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു ശക്തി ശ്രമിച്ചാലും അതില്‍നിന്ന് പിന്തിരിപ്പിക്കാനാകില്ല. പറഞ്ഞത് അതേപോലെ നടപ്പാക്കുമെന്ന് എല്ലാവര്‍ക്കും വിശ്വസിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പട്ടികവര്‍ഗക്കാര്‍ക്കുള്ള ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഫ്ലാറ്റ് നിര്‍മാണം സംബന്ധിച്ച ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. തദ്ദേശ, നിയമ വകുപ്പുകളിലെ ഫയലുകളാണ് മുഖ്യമന്ത്രി പരിശോധിക്കുക. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലെ ലൈഫ് മിഷനും യുഎഇ സര്‍ക്കാരിന് കീഴിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്‍റും ചേര്‍ന്നു വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്ലാറ്റുകള്‍ സംബന്ധിച്ച ഫയലുകളാണ് മുഖ്യമന്ത്രി വിളിച്ചു വരുത്തിയത്.

റെഡ് ക്രസന്‍റുമായുള്ള കരാര്‍, പദ്ധതി നടത്തിപ്പുകാരായി യുണിടാക്ക് എന്ന കമ്പനിയെ തിരഞ്ഞെടുത്തത്, കമ്മിഷനായി വന്‍തുക കൈമാറിയെന്ന ആരോപണം ഇവയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരിശോധന. കരാറിന്‍റെ നിയമസാധുത, കമ്മിഷന്‍ കൈമാറി എന്നിവ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്‍റെ ഡയറക്ടറേറ്റ് പരിശോധിക്കുന്നുണ്ട്

ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസും യുഎഇ സര്‍ക്കാരിന് കീഴിലുള്ള റെഡ് ക്രസന്‍റും ഒപ്പിട്ട കരാര്‍, അതിന്‍റെ നിയമസാധുത, സര്‍ക്കാര്‍ താല്‍പര്യവും പൊതുതാല്‍പര്യവും സംരക്ഷിക്കപ്പെട്ടോ എന്നിവ പരിശോധനക്ക് വിധേയമാക്കും. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ മുന്‍കൈയെടുത്താണ് നടപടിക്രമങ്ങള്‍ മറികടന്ന് കരാര്‍ ഒപ്പിട്ടതെന്ന വിവരം പുറത്തുവന്നിരുന്നു.

‌സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്്ന സുരേഷിന് ലൈഫ് മിഷന്‍ പദ്ധതി നടത്തിപ്പുകാരായ യുണിടാക്ക് കമ്മിഷന്‍ നല്‍കിയതായും റിപ്പോർട്ടുണ്ട്. ഫയലുകള്‍ പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. നേരത്തെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക പങ്കൊന്നുമില്ലെന്നും യുണിടാക്കും റെഡ് ക്രസന്‍റുമായാണ് കരാറെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here