ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണം തുടങ്ങിയതായി ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. വ്യാഴാഴ്ച ന്യൂഡൽഹിയിൽ ചേർന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിനു പിന്നാലെയാണ് നിർമാണം ആരംഭിച്ച കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

സിബിആർഐ റൂർക്കി, ഐഐടി മദ്രാസ് എന്നീ സ്ഥാപനങ്ങൾക്കൊപ്പം ലാർസൻ ആൻഡ് ടർബോയിലെ എൻജിനീയർമാരും ചേർന്ന് മണ്ണിന്റെ പരിശോധന നടത്തുകയാണെന്നും 36 – 40 മാസം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രസ്റ്റ് അറിയിച്ചു.

രാജ്യത്തിന്റെ പരമ്പരാഗത നിർമാണ വിദ്യകൾക്കനുസരിച്ചാണ് ക്ഷേത്രം നിർമിക്കുക. ഭൂമികുലുക്കം, കൊടുങ്കാറ്റ്, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയെ പ്രതിരോധിക്കാന്‍ ഉതകുന്ന തരത്തിലാണ് നിർമാണം. ക്ഷേത്ര നിർമാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല. പകരം ചെമ്പ് ഉപയോഗിക്കും.

ചെമ്പ് ഫലകങ്ങൾ സ്പോൺസർ ചെയ്യുന്നവർക്ക് അവരുടെ കുടുംബപ്പേരും സമുദായ ക്ഷേത്രത്തിന്റെയും സ്ഥലത്തിന്റെയും പേരും അതിൽ പകർത്താം. 18 ഇഞ്ച് നീളവും 30 മില്ലിമീറ്റർ വീതിയും 3 മില്ലിമീറ്റർ കനവുമുള്ള 10,000 ചെമ്പ് ഫലകങ്ങളാണ് ക്ഷേത്രനിർമാണത്തിന് ആവശ്യം. രാമഭക്തർക്ക് അവ സംഭാവനയായി നൽകാമെന്നും ട്രസ്റ്റ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here