ഗുരുവായൂർ : ഒരു ഉണ്ണി എന്റെ കയ്യിൽ ഒരു ചിത്രം തന്നു. ഞാൻ നോക്കിയപ്പോൾ ഉണ്ണിക്കണ്ണന്റെ രൂപം. എന്റെ കയ്യിൽ ചിത്രം തന്ന ഉണ്ണിയെ ഞാൻ തിരഞ്ഞു .ഗുരുവായൂരിൽ നിന്നും മടങ്ങും വരെ ആ കണ്ണുകൾ ആ ഉണ്ണിയെ തേടുകയായിരുന്നു. ആ കൃഷ്ണഫോട്ടോ ഹൃദയത്തോടു ചേർത്തു വെച്ച് പറഞ്ഞത് മറ്റാരുമായിരുന്നില്ല. പത്മവിഭൂഷൺ പണ്ഡിറ്റ് ജസ്‌രാജ് എന്ന കൃഷ്ണഭക്തിയുടെ സോപാനത്തിൽ ഇരിക്കുന്ന പരമഭക്തനായിരുന്നു. രണ്ടുപ്രാവശ്യം ഇദ്ദേഹം ഗുരുവായൂരിൽ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യനായ പണ്ഡിറ്റ് രമേഷ്നാരായണനാണ് ഗുരുവായൂരിലേക്ക് കൊണ്ടുവന്നത്.

ഞാൻ ഇന്നും ഓർക്കുകയാണ് ആ പുലരി. എല്ലാ സംഗീതത്തിന്റെയും പ്രഭവകേന്ദ്രം ഈ ഹരിമുരളിയാണെന്നറിഞ്ഞ ഗുരുജി 2003 ൽ പുലർച്ചെ നാലു മണിക്കാണ് ഗുരുവായൂരിലെത്തിയത് . പണ്ഡിറ്റ് രമേഷ് നാരായണൻ അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്തി ….. ഞങ്ങൾ കാലത്ത് ഭഗവാനെ തൊഴാൻ പോയി ….. അദ്ദേഹം അമ്പലത്തിന്റെ നടയിൽ നിന്ന് ഒരു കൃഷ്ണ സ്തുതി ആലപിച്ചു ….. ശർക്കര കൊണ്ട് തുലാഭാരവും നടത്തി. അന്ന് പോയ അദ്ദേഹം 2010 നവംമ്പർ 17 ന് ഞാൻ നടത്തിയ മയിൽപീലി പുരസ്കാരത്തിന് ഉദ്ഘാടനവും ,പുരസ്കാര സമർപ്പണവും നിർവഹിക്കാൻ ഗുരുവായൂരിൽ വന്നു. അദ്ദേഹത്തിന്റെ ഹിന്ദിയിലുള്ള പ്രഭാഷണം പരിഭാഷപ്പെടുത്തിയത് മുഖ്യാതിഥിയായെത്തിയ എം .പി അബ്ദുൾസമദ് സമദാനിയായിരുന്നു. അധ്യക്ഷ പദമലങ്കരിച്ചത് എം.എൽ.എ .കെ .വി അബ്ദുൾ ഖാദറാണ്. മയിൽപീലി പുരസ്കാരത്തിന് അർഹരായത് സംഗീതരത്നം കെ. ജി .ജയൻ (ജയ വിജയ) ,ഹിന്ദുസ്ഥാനി ഗായകൻ പണ്ഡിറ്റ് രമേഷ് നാരാണൻ , ഗാനരചയിതാക്കളായ ആർ .കെ ദാമോദരൻ , പ്രശാന്ത് മങ്ങാട്ട്, ഗായകൻ മധു ബാലകൃഷ്ണൻ , ചലച്ചിത്ര സംഗീത സംവിധായകൻ ഹരിപ്രസാദ് ഒറ്റപ്പാലം, എന്നിവരാണ് .

സംഗീതം ആത്മസമർപ്പണമാക്കിയ നാദഗുരുവാണ് പണ്ഡിറ്റ് ജസ് രാജ്. ഗുരുജിയുടെ ചന്ദനം ചാലിച്ച വാക്കുകൾ പരിഭാഷകൻ സമദാനി തേൻതുള്ളിയായി പകർന്നു കൊടുത്തത് ഇന്നും മായാതെ നിൽക്കുകയാണ്. സംഗീതം സംസ്കാരമാണ്. ആ സംസ്കാരം കേരളത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നുവെന്നും, ഇവിടെ വന്ന് നിങ്ങളെപ്പോലുള്ള വ്യക്തിത്വങ്ങളെ കാണാൻ കഴിഞ്ഞത് ഒരു സുക്യതമാണെന്നും അദ്ദേഹം പറഞ്ഞു. എം.പി.അബ്ദുൾ സമദ് സമദാനിയുമായും , എം.എൽ.എ.അബ്ദുൾ ഖാദറുമായും അദ്ദേഹം ഏറെ നേരം ചിലവഴിച്ചു. സംഗീതം തപസ്യയാക്കി ഭ്രമണപദത്തിൽ പോലും ഇടം നേടിയ സംഗീതതപോ ഗുരുവിന് ഗുരുവായൂരിന്റെ ആദരാഞ്ജലികൾ….

ബാബു ഗുരുവായൂർ …

LEAVE A REPLY

Please enter your comment!
Please enter your name here