കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ബാങ്ക് ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ  നടത്താനുളള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. പരീക്ഷ നടത്താന്‍ നാഷണല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് രൂപം നല്‍കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജോലി അന്വേഷിക്കുന്ന യുവാക്കള്‍ക്ക് വലിയ നേട്ടമാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു. നോണ്‍ ഗസ്റ്റഡ് തസ്തികകളിലേയ്ക്കുളള നിയമനമാണ് നാഷണല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുക. പ്രതിവര്‍ഷം ശരാശരി 2.5 കോടി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് തീരുമാനം ഗുണം ചെയ്യുക. നിലവില്‍ വിവിധ തസ്തികകളിലേയ്ക്കുളള നിയമനത്തിന് പ്രത്യേക പരീക്ഷകള്‍ നടത്തുന്നതാണ് പതിവ്. ഇത്തരത്തില്‍ ഒന്നിലധികം പരീക്ഷകള്‍ എഴുതുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇതിന് പുതിയ തീരുമാനം പരിഹാരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രതിവര്‍ഷം ശരാശരി ഒന്നേകാല്‍ ലക്ഷം സര്‍ക്കാര്‍ ഒഴിവുകളിലേയ്ക്കാണ് നിയമനം നടക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷയാണ് നാഷണല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുക. മൂന്ന് വര്‍ഷം വരെ റാങ്ക് ലിസ്റ്റിന് കാലാവധി ഉണ്ടാവും. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ്  ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here