ലപ്പുറം ⬤ അനുഷ്ഠാന കലയായ കളമെഴുത്തുപാട്ടിൽ 25 വർഷത്തിന്റെ നിറവിലാണ് ശ്രീനിവാസൻ. കടന്നമണ്ണ നാരായണൻ കുട്ടിയുടെയും, അലനല്ലൂർ കീഴേപ്പാട്ട് ശാന്തകുമാരിയുടെയും മകനാണ്.1995 ലാണ് കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ കളംപാട്ടിന്റെ അരങ്ങേറ്റം നടത്തിയത്. നാല് വയസ്സു മുതൽ ഗുരുനാഥന്മാരായ അച്ഛച്ഛൻ നാരായണക്കുറുപ്പ്, അച്ഛൻ നാരായണൻകുട്ടി എന്നിവരിൽ നിന്നാണ് കളംപാട്ട് സ്വായക്തമാക്കിയത്. എകദേശം 300 വർഷത്തിലധികം കലാപാരമ്പര്യം ശ്രീനിവാസന്റെ കലാ കുടുംബത്തിനുണ്ട്.

ഇന്നത്തെ സാഹചര്യത്തിൽ വളരെ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ് കളംപാട്ട്. ക്ഷേത്ര ഉത്സവങ്ങൾക്കു മുന്നോടിയായി നടക്കുന്ന ഈ അനുഷ്ഠാന കല, ക്ഷേത്രങ്ങൾ, മനകൾ, കോവിലകങ്ങൾ എന്നിവിടങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണ്. എന്നാൽ ഈ ഒരു കലാരൂപത്തിനെ ജാതി മത വ്യത്യസം കൂടാതെ പ്രത്യേകിച്ച് പുതു തലമുറകൾക്ക് പരിചയപ്പെടുത്താനും, ജനകീയമാക്കാനും ശ്രമിക്കുന്ന പ്രധാന വ്യക്തി കൂടിയാണ് ശ്രീനിവാസൻ.

2015 മുതൽ കേരളത്തിലെ വിവിധ കോളേജുകളിലും, സ്കൂളുകളിലും കളംപാട്ട് ശില്പശാലയിലൂടെയാണ് ജനകീയമായ പ്രവർത്തനം നടത്തി വരുന്നത്. കളംപാട്ടിനെ കുറിച്ച് ഇന്നത്തെ പുതുതലമുറയിലെ കുട്ടികൾക്ക് ഏകദേശം ഒരു ധാരണ കൊടുക്കുക എന്ന ഉദ്ദേശമാണ് ഇതിനു പിന്നിൽ എന്ന് ശ്രീനിവാസൻ പറയുന്നു. ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്ന ലോകാതിശായിയായ ഈ അനുഷ്ഠാന കലയെ സമൂഹം അറിയാതെ പോകരുത് എന്നൊരു ചിന്തയുമാണ് ഈ ഒരു പ്രവർത്തനത്തിന് മുതിർന്നതെന്നും ഇദ്ദേഹം അഭിപ്രായെപ്പട്ടു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി, തിരൂർ മലയാളം സർവ്വകലാശാല, പാലക്കാട് വിക്ടോറിയ കോളേജ്, കോഴിക്കോട് ഗുരുവായുരപ്പൻ കോളേജ്, തൃശൂർ കേരളവർമ്മ കോളേജ്, പാലക്കാട് ചെമ്പൈ സംഗീത കോളേജ്, മലപ്പുറം ഗവ:കോളേജ് തുടങ്ങിയ പ്രശസ്തമായ കോളേജുകളിലും കളംപാട്ട് ശില്പശാല നടത്തിയിട്ടുണ്ട്. മാതൃകാപരവും,ജനകീയവുമായ ശ്രീനിവാസന്റെ ഈ പ്രവർത്തനങ്ങളാണ് കേരള ഫോക് ലോർ അക്കാദമിയുടെ 2018 വർഷത്തെ യുവപ്രതിഭാ പുരസ്കാരത്തിനർഹനാക്കിയത്. ഫോക് ലോർ പുരസ്കാരത്തെ കൂടാതെ, സംസ്ഥാന പ്രതീക്ഷ പുരസ്കാരം, ശിവശക്തി പുരസ്കാരം, കല്ലാറ്റ് യുവപ്രതിഭ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here