കോഴിക്കോട് സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് റിപ്പോർട്ട് ചെയ്തത് നാല് കൊവിഡ് മരണം

കോഴിക്കോട്: കേരളത്തിൽ മറ്റൊരു മരണം കൂടി. കോഴിക്കോട് ഫറൂഖ് സ്വദേശിനി രാജലക്ഷ്മിയാണ് മരിച്ചത്. 61 വയസായിരുന്നു. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്ന് കൊവിഡ് നോഡൽ ഓഫീസർ വ്യക്തമാക്കി. മകന്റെ ചികിത്സയ്ക്ക് ആശുപത്രിയിൽ നിന്നിരുന്നുവെന്നാണ് വിവരം. ഇവരുടെ ബന്ധുക്കൾ നിരീക്ഷണത്തിലാണ്. ഇന്ന് കോഴിക്കോട്ട് രണ്ടാമത്തെ കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ മരിച്ചത് കോഴിക്കോട് ചികിത്സയിലായിരുന്ന വടകര സ്വദേശി മോഹനൻ (68) ആണ്. രോഗലക്ഷണങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ മോഹനന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. കൊവിഡിന് പുറമേ വൃക്കരോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇത് ആരോഗ്യസ്ഥിതി വഷളാകാൻ കാരണമായി.

കൂടാതെ തിരുവനന്തപുരം പത്തനംതിട്ട എന്നിവിടങ്ങളിൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുല്ലമ്പാറ സ്വദേശി അബ്ദുൾ ബഷീറാണ് തിരുവനന്തപുരത്ത് മരിച്ചത്. മത്സ്യ വ്യാപാരിയായിരുന്ന ഇദ്ദേഹം പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ബീവിയുടെ ഭർത്താവ് കൂടിയാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പത്തനംതിട്ടയിൽ തിരുവല്ല കുറ്റൂർ സ്വദേശി മാത്യുവാണ് മരിച്ചത്. 60 വയസായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മാത്യു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡയാലിസിസ് ചെയ്തിരുന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here