“എന്റെ ജൻമദിനത്തിൽ എന്റെ മാതൃഭൂമി സ്വതന്ത്രയാകും”
ഇന്ന് രാജ്യം എഴുപത്തി നാലാം സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോൾ , ഈ വാചകത്തിന്റെ ഉടമയുടെ ജൻമദിനവുമാണ്. ഭാരതീയ യുവത്വത്തിന്റെ സിരകളിൽ സ്വാതന്ത്ര്യത്തിന്റെ അഗ്നി ജ്വലിപ്പിച്ച അരൊബിന്ദോ ഘോഷിന്റെ ജൻമ വാർഷികമാണ് ഇന്ന്.
സ്വാതന്ത്ര്യ സമര സേനാനി, തത്വജ്ഞാനി, ബഹുഭാഷാ പണ്ഡിതൻ, യോഗി വര്യൻ, ദേശീയവാദി, കവി … കർമ്മ കുശലതയുടെ വൈഭവം തൊട്ടറിയിച്ച് എല്ലായിടത്തും തിളങ്ങിയ പ്രതിഭ.
ഓരോരുത്തരിലും ആത്മാവബോധം വളർത്തുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗവും എഴുത്തും പ്രബോധനവും.പാശ്ചാത്യ വിദ്യാഭ്യാസമോ ജീവിത ക്രമമോ ആധുനിക ഭാരതത്തിലെ യോഗി വര്യനായ അരബിന്ദോയുടെ ഉത്കൃഷ്ട ചിന്തകളുടെ തനിമ ചോർത്തിയില്ല എന്നത് എടുത്തു പറയേണ്ടതാണ് ബ്രിട്ടീഷ് സർക്കാരിന് എന്നും തലവേദനയായിരുന്നു അദ്ദേഹം. ബംഗാൾ വിഭജനകാലത്ത് കൊളോണിയൽ വിദ്യാഭ്യാസത്തിനെതിരെ ദേശീയ വിദ്യാഭ്യാസ സമിതി കൊൽക്കത്തയിൽ തുടങ്ങിയ കലാലയത്തിന്റെ ചുമതലയേറ്റ അദ്ദേഹം ,ഭാരതീയനെന്ന സ്വത്വം ഉയർത്തിപ്പിടിക്കാനാണ് ശ്രമിച്ചത്. ഇംഗ്ലണ്ടിൽ നേടിയ ഉന്നത വിദ്യാഭ്യാസത്തിനും മുകളിലായിരുന്നു ബംഗാളും ഇന്ത്യയും അദ്ദേഹത്തിൽ ജ്വലിപ്പിച്ച ദേശീയത. സ്വാതന്ത്ര്യസമര കാലത്ത് പൂർണ സ്വരാജിനു വേണ്ടി പോരാടിയ അദ്ദേഹത്തെ അലിപ്പൂർ ബോംബു കേസിൽ തീവ്രവാദിയായി മുദ്രകുത്തി ജയിലഴിയിലാക്കി. അന്ന് വിചാരണ വേളയിൽ അരൊ ബിന്ദോയുടെ പ്രസ്താവന കോടതിയിൽ വായിച്ചു : ” രാഷ്ട്ര സമൂഹത്തിൽ ഭാരതത്തിന് മഹത്തായ ഒരു കർത്തവ്യം നിർവഹിക്കാനുണ്ടെന്ന് എന്റെ നാട്ടുകാർക്ക് മനസിലാക്കി കൊടുത്തതാണെന്റെ കുറ്റമെങ്കിൽ നിങ്ങൾക്കെന്നെ തുറുങ്കിലടയ്ക്കാം “ദേശീയതയുടെ പ്രാധാന്യം മനസിലാക്കിക്കൊടുക്കാൻ പ്രയത്നിച്ച അദ്ദേഹം ആത്മീയ വഴിയിലേക്ക് എത്തിയപ്പോൾ അത് പുതുച്ചേരിയിലെ അരവിന്ദാശ്രമത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചു. വിപ്ലവാഭിമുഖ്യത്തെ ആത്മീയതയുടെ ശാന്തതയിലേക്ക് എത്തിച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. മാനവരാശിയുടെ ആത്മീയ മോചനത്തിനുതകുന്ന ആശയങ്ങളിലൂടെ അരവിന്ദ മഹർഷി ഭാരതീയരുടെ മനസുകളിൽ ഇന്നും ജീവിക്കുന്നു. അദ്ദേഹത്തിന് സ്മരണാഞ്ജലി

LEAVE A REPLY

Please enter your comment!
Please enter your name here