ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയിലെ മാര്യേജ് രജിസ്ട്രേഷന്‍ വിഭാഗത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന് കോവിഡ്-19 സ്ഥിരീകരിച്ചു. ആഗസ്റ്റ് 10-ാം തീയതിയില്‍ ടിയാന്‍ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു. ഓഫീസിലെ പകുതി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ടി ടെസ്റ്റിനു ശേഷം ടിയാന്‍ വീട്ടിലേക്ക് പോയിട്ടുള്ളതും, ഓഫീസില്‍ ഹാജരായിട്ടില്ലാത്തതുമാണ്. എന്നാല്‍ ടിയാന് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 14-ാം തീയതി നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ പോസിറ്റീവ് റിസള്‍ട്ട് ലഭിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് മുന്‍കരുതലിന്‍റെ ഭാഗമായി ഒരാഴ്ച്ചത്തേക്ക് വിവാഹ രജിസ്ട്രേഷന്‍ നിര്‍ത്തി വെക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. കൂടാതെ ഒരാഴ്ച്ചത്തേക്ക് നഗരസഭയുടെ മെയിന്‍ ഓഫീസിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായി ഒഴിവാക്കുന്നതിനും തീരുമനിച്ചിട്ടുണ്ട്. കാസർഗോഡ് സ്വദേശിയായ ഹെൽത്ത് ഇൻസ്പെക്ടർ ഇപ്പോൾ കാസർഗോഡാണ് ഉള്ളത് രണ്ടു ദിവസം മുൻപാണ് ഗുരുവായൂരിൽ നിന്ന് പോയത് എന്നറിയുന്നു.

സേവനങ്ങള്‍ ഓണ്‍ലൈനായി തുടരുന്നതാണ്. പരാതികളും അപേക്ഷകളും നഗരസഭയുടെ ഇ-മെയിലിലേക്ക് അയക്കാവുന്നതാണ്.
നഗരസഭയുടെ തൈക്കാട്, പൂക്കോട് സോണല്‍ ഓഫീസുകള്‍ പതിവു പോലെ പ്രവര്‍ത്തിക്കുന്നതാണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതും, ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിംഗുകള്‍ക്ക് മുടക്കമുണ്ടായിരിക്കുന്നതല്ല. സോണല്‍ ഓഫീസുകളുടെ പരിധിയിലുള്ള വാര്‍ഡുകളിലെ അപേക്ഷകള്‍ക്ക് അതത് സോണല്‍ ഓഫീസുകളില്‍ ഹിയറിംഗിന് ഹാജരാകേണ്ടതാണ്.

നഗരസഭ മെയിന്‍ ഓഫീസ് പരിധിയിലുള്ളവരുടെ ഈ ദിവസങ്ങളിലെ ഹിയറിംഗ് ടൗണ്‍ഹാളില്‍ വെച്ച് നടത്തുന്നതാണ്.
കോവിഡ് മുന്‍കരുതലുമായി ബന്ധപ്പെട്ട് സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ കോവിഡ് പരിശോധന തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹ രജിസ്ട്രേഷനു വേണ്ടി ഈ മാസം 7-ാം തീയതി മുതല്‍ 10-ാം തീയതി വരെ നഗരസഭ വിവാഹ രജിസ്ട്രേഷന്‍ സെക്ഷനില്‍ ഹാജരായിരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അതത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും അറിയിക്കുന്നു.
കോവിഡ് മുന്‍കരുതലുമായി ബന്ധപ്പെട്ട് നഗരസഭ സ്വീകരിക്കുന്ന നടപടികളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ അഭ്യര്‍ത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here