സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഇത്തവണ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി പതാക ഉയർത്തുന്നത് ഒരു നേട്ടം കൂടി സ്വന്തമാക്കിയാണ്. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രി എന്ന വിശേഷണം ഇനി നരേന്ദ്രമോദി ജിക്ക് സ്വന്തം.രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയെടുത്താൽ അതിൽ നാലാം സ്ഥാനത്താണ് മോദി ജി. ഒരു കുടുംബാധിപത്യത്തിന്റെയും പിന്തുടർച്ചക്കാരനല്ലാതെയാണ് അദ്ദേഹത്തിന്റെ ഈ നേട്ടമെന്നത് നാലിനെ ഒന്നിന്റെ പകിട്ടുള്ളതാക്കുന്നു.

1996 മെയ് 16 നാണ് വാജ്പേയ് ജി പ്രധാനമന്ത്രിയായി ആദ്യം ചുമതലയേറ്റത്. രണ്ടാമൂഴം 1998 മാർച്ച് 19 മുതൽ 2004 മെയ് 22 വരെയുള്ള 2257 ദിവസങ്ങളും. പ്രധാനമന്ത്രി പദത്തിൽ ഒരു ഫുൾ ടേം പൂർത്തിയാക്കിയ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയായി അദ്ദേഹമന്ന് മാറി. രണ്ട് തവണയും ചേർത്ത് വാജ്പേയ് ജി അധികാരത്തിലിരുന്ന അത്രയും നാളുകൾ മോദി ജി ഇപ്പോൾ പിന്നിട്ടു കഴിഞ്ഞു. 2014 മെയ് 26 ന് അധികാരമേറ്റ നരേന്ദ്ര മോദി ജി , പ്രധാനമന്ത്രി പദത്തിൽ ഇന്ന് 2273 ദിവസം പൂർത്തിയാക്കുന്നു. പുതിയ ചരിത്രമെഴുതാനുള്ള നിയോഗമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്നത്. സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 മുതൽ 1964 മെയ് 27 ന് മരിക്കുന്നത് വരെ 16 വർഷവും 286 ദിവസവും നീണ്ടു അദ്ദേഹത്തിന്റെ ഭരണം. രണ്ടാം സ്ഥാനത്ത് നെഹ്റുവിന്റെ മകൾ ഇന്ദിരാ ഗാന്ധിയാണ്. മൂന്നു ടേമുകളിലായി 11 വർഷവും 59 ദിവസവും അവർ പ്രധാനമന്ത്രി സ്ഥാനത്തിരുന്നു. ഡോ. മൻമോഹൻ സിംഗ് രണ്ട് ടേമുകളിലായി 10 വർഷവും നാലു ദിവസവും പ്രധാനമന്ത്രിയായി. ഈ പട്ടികയിലും നാലാം പേരുകാരൻ നരേന്ദ്ര മോദി ജി തന്നെ.

1977 ൽ മൊറാർജി ദേശായി, 1979 ൽ ചരൺ സിങ് , 1989 ൽ വി.പി സിങ് , 1990 ൽ ചന്ദ്രശേഖർ , 1996 ൽ എച്ച്.ഡി ദേവഗൗഡ, 1997 ൽ ഐ.കെ ഗുജ്റാൾ – കോൺഗ്രസിതര പ്രധാനമന്ത്രിമാരായ ഇവർക്കാർക്കും പ്രധാനമന്ത്രിയായി ഫുൾ ടേം പൂർത്തിയാക്കാൻ സാധിച്ചില്ല. എന്നാൽ നരേന്ദ്ര മോദി ജി ഒരു ടേം പൂർത്തിയാക്കി അടുത്ത ടേമിലേക്ക് വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി, വാഗ്ദാനങ്ങൾ നടപ്പാക്കുകയാണ്. പ്രധാനമന്ത്രിപദത്തിൽ ആറു വർഷവും 79 ദിവസവും അദ്ദേഹം ഇന്ന് പൂർത്തിയാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here