മൂന്നാര്‍: കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ പെട്ടിമുടിയില്‍ ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 48 ആയി. ഇനി 23 പേരെക്കൂടി കണ്ടെത്താനുണ്ട്. ദുരന്തനിവാരണ സേനയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവും എട്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു രക്ഷാപ്രവര്‍ത്തനം. ആദ്യ രണ്ടു ദിവസങ്ങളില്‍ ലയങ്ങളിരുന്ന സ്ഥലങ്ങളിലെ മണ്ണ് നീക്കിയാണ് തെരച്ചില്‍ നടത്തിയിരുന്നതെങ്കിലും ഞായറാഴ്ച മുതൽ മറ്റ് പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു.

രണ്ടു മൃതദേഹങ്ങള്‍ പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ഒഴുക്കില്‍പ്പെട്ട മൃതദേഹങ്ങള്‍ രണ്ടു കിലോമീറ്റര്‍ താഴ്ഭാഗത്ത് കെ.ഡി.എച്ച്.പി കമ്പനിയുടെ താഴ്ഭാഗത്തുനിന്ന് കണ്ടെത്തുകയായിരുന്നു. പുഴയില്‍ വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ട്. ആളുകള്‍ ഒഴുക്കില്‍പ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഡ്രോണ്‍ ഉപയോഗിച്ച് പുഴയ്ക്ക് മുകളില്‍ നിരീക്ഷണവും നടത്തിയിരുന്നു. ചെറുതും വലുതുമായ അഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണും കല്ലും നീക്കം ചെയ്തും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here