ഇടുക്കി ⬤ ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ ഇന്നു പോയി. ഉരുൾപൊട്ടലിന്റെ തീരാവേദനയിൽ വിതുമ്പുന്ന തോട്ടം മേഖല. 82 പേരാണ് ഒറ്റരാത്രികൊണ്ട് അപകടത്തിൽപ്പെട്ടത്. രക്ഷപ്പെട്ടത് ഏതാനും പേർ. മണിക്കൂറുകൾ കൊഴി‍ഞ്ഞുവീഴുന്തോറും മരണസംഖ്യ ഉയരുന്നു. കാണാതായവർക്കായുളള തെരച്ചിൽ ദേശീയ ദുരന്ത നിവാരണ സേന തുടരുകയാണ്. ഈ ദുരന്തക്കാഴ്ചകൾക്കുമുന്നിൽ ചങ്കുളളവർക്കൊക്കെ പിടയ്ക്കും.
കരിപ്പൂരിലെ വിമാന അപകടമുഖത്തുനിന്നാണ് പെട്ടിമുടിയിലെ ദുരന്തഭൂമിയിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരെയാണ് രണ്ടിടത്തും കണ്ടത്. കുടുംബത്തിനായി ഗൾഫിലെ മണലാരണ്യത്തിൽ പണിയെടുക്കുന്നവരും അവരുടെ കുടുംബങ്ങളുമാണ് കരിപ്പൂർ അപകടത്തിൽ പൊലിഞ്ഞുപോയത്. തമിഴ്നാട്ടിൽ നിന്നെത്തി പതിറ്റാണ്ടുകളായി മൂന്നാറിന്റെ തോട്ടം മേഖലയിൽ പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളാണ് പെട്ടിമുടിയിൽ ഒറ്റ രാത്രികൊണ്ട് ഇല്ലാതായത്.

ADVERTISEMENT

വിമാനദുരന്തമുണ്ടായ കരിപ്പൂരിൽ മുഖ്യമന്ത്രി പോകേണ്ടതുതന്നെയാണ്. യാതൊരു തർക്കവുമില്ല. എന്നാൽ അതേ പരിഗണന പെട്ടിമുടിയിലെ പാവങ്ങളുടെ കാര്യത്തിലും മുഖ്യമന്ത്രിക്കും സർക്കാരിനും വേണ്ടിയിരുന്നു. രണ്ടിടത്തും മരിച്ചത് മനുഷ്യരാണ്. ആ തിരിച്ചറിവ് വേണമായിരുന്നു. മുഖ്യമന്ത്രി തന്നെ പെട്ടിമുടിയിലെത്തി കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ വിമർശനം ഒഴിവാക്കാമായിരുന്നു.
പെട്ടിമുടിയിലെ ദുരന്തത്തിൽപ്പെട്ടവർക്കുളള സഹായധനം പ്രഖ്യാപിച്ചതിലും മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും വിവേചനം കാട്ടി എന്നുതന്നെയാണ് എന്റെ നിലപാട്. ഇപ്പോൾ പ്രഖ്യാപിച്ച സഹായധനം തീരെ കുറവാണ്. ഇപ്പോഴത്തേത് അടിയന്തര സഹായമായി പ്രഖ്യാപിച്ചതാണ് , ബാക്കി പുറകേ വരുമെന്നാണല്ലോ മുഖ്യമന്ത്രി തന്നെ പറഞ്ഞത്. സർക്കാരിന്റെ സഹായധനം മുഖ്യമന്ത്രിയുടെ ഔദാര്യമല്ല. മാതാപിതാക്കളേയും മക്കളേയും ഭാര്യമാരേയും സഹോദരങ്ങളേയും ഒന്നുണർന്നെഴുന്നേൽക്കും മുമ്പേ നഷ്ടപ്പെട്ടവർക്ക് സഹായ ധനം വലിയൊരാശ്വാസമാകും. അക്കാര്യത്തിൽ മുഖ്യമന്ത്രി ഇനിയും വിവേചനം കാണിക്കരുത്.

ദുരന്തത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ് വേഗത്തിൽ ഇടപെടാനും പരിഹാരമുണ്ടാക്കാനും , കവളപ്പാറയും പുത്തുമലയും അനുഭവ പാഠമായി മുന്നിലുണ്ടായിട്ടും സ‍ർക്കാരിന് കഴിയാതെ പോയി. മലയോര മേഖലകളിലെ ഡിസാസ്റ്റർ മാനേജ്മെന്റ് ഇതാണോ? മാറ്റിവയ്ക്കുന്ന കോടികളുടെ ഫണ്ട് എവിടെയാണ് വിനിയോഗിച്ചത്? അപകടത്തെക്കുറിച്ച് പുറം ലോകമറിയാൻ വാർത്താ വിനിമയ സംവിധാനമില്ലാതിരുന്ന സാഹചര്യം നമ്പർ വൺ കേരളത്തിലെങ്ങനെ വന്നു? വൈദ്യുതിമന്ത്രിയുടെ നാട്ടിൽ പോലും 4 ദിവസം വൈദ്യുതി മുടങ്ങിക്കിടന്നതെങ്ങനെ? കരിപ്പൂരിൽ രക്ഷാപ്രവ‍ർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പൂ‍ർത്തിയാക്കി എന്ന് പറയുന്ന മുഖ്യമന്ത്രി പെട്ടിമുടിയിലെ കാര്യങ്ങളുമൊന്ന് വിശദീകരിക്കണം. ദുരന്ത നിവാരണപ്രവർത്തനത്തിൽ നേരിട്ട് ഏകോപനം വഹിക്കേണ്ട റവന്യൂ മന്ത്രി സ്ഥലം സന്ദർശിച്ചങ്ങ് മടങ്ങി. മുതിർന്ന മന്ത്രിമാരൊക്കെ മധ്യ കേരളത്തിൽ തന്നെയുണ്ടായിരുന്നിട്ടും എന്തേ ആരെയും രാജമലയിലേക്ക് നിയോഗിച്ചില്ല?
ഏതായാലും, മുഖ്യമന്ത്രിയുടെ മുഖം മൂടിയാണ് ഓരോ ദുരന്ത മുഖത്തും അഴിഞ്ഞുവീഴുന്നത്. അത് പ്രളയമായാലും ഉരുൾപൊട്ടലായാലും ഓഖിയായാലും മാറ്റമൊന്നുമില്ല. വാർത്താസമ്മേളനങ്ങളിലെ വീമ്പിളക്കലും മാധ്യമങ്ങളുടെ മേലുളള തട്ടിക്കേറലുമല്ല ഭരണമെന്ന തിരിച്ചറിവ് ഇനിയെങ്കിലും പിണറായി വിജയന് ഉണ്ടാകണം !!

COMMENT ON NEWS

Please enter your comment!
Please enter your name here