കൊല്ലം: ഹെൽമറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെൺകുട്ടിക്കെതിരെ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. രൂപമാറ്റം വരുത്തിയ ബൈക്ക് പെൺകുട്ടി ഓടിക്കുന്ന വിഡിയോ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഹെൽമറ്റു ഇല്ലാതെ പെൺകുട്ടി ബൈക്ക് ഓടിക്കുന്നതായുള്ള പരാതി വിഡിയോ സഹിതം മോട്ടർ വാഹന വകുപ്പിനു ലഭിച്ചു. ഇതേത്തുടർന്നു പരാതി പരിശോധിച്ചു നടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ആർടിഒ ഡി. മഹേഷ് നിർ‌ദേശിച്ചു. എംവിഐ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണു നടപടി സ്വീകരിച്ചത്. പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുകയും 20,500 രൂപ പിഴ ചുമത്തുകയും ചെയ്തു. ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻ‌സാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. ഇതുപയോഗിച്ചു ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു പതിനായിരം, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് പതിനായിരം, ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു അഞ്ഞൂറു രൂപയും ചേർത്താണ് 20,500 രൂപ പിഴ ചുമത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here