അയോധ്യയിലെ തര്‍ക്ക ഭൂമി ക്ഷേത്ര നിര്‍മാണത്തിനായി ഹിന്ദുക്കള്‍ക്കു കൈമാറിക്കൊണ്ടുള്ള ചരിത്ര വിധിയില്‍ ഇടംപിടിച്ച് ഒരു മലയാളിയുണ്ട് . തൃശൂര്‍ വൈലത്തൂര്‍ സ്വദേശിയായ സികെ രാജന്‍. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ 1045 പേജുള്ള വിധിയില്‍ ഇദ്ദേഹത്തിൻ്റെ പേര് ഉണ്ട് .ഗുരുവായൂര്‍ ക്ഷേത്രം ഭരണ സമിതിക്കെതിരെ 1992ല്‍ രാജന്‍ നല്‍കിയ ഹര്‍ജിയും ആ കേസിലുണ്ടായ വിധിയുമാണ് അയോധ്യാ വിധിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് പരാമര്‍ശിച്ചത്. ക്ഷേത്രം തന്നെ നിയമ വ്യക്തിത്വമാണെന്ന വാദം ഈ കേസ് പരാമര്‍ശിച്ച്, ഹിന്ദുകക്ഷികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരന്‍ ആണ് ഉയര്‍ത്തിയത്.

ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നു തോന്നിയാല്‍ ഭക്തര്‍ക്ക് ഹൈക്കോടതികളെയോ സുപ്രീം കോടതിയെയോ സമീപിക്കാന്‍ അവകാശമുണ്ടെന്ന്, മൂന്നംഗ ബെഞ്ചിന്റെ വിധിന്യായമാണ് അയോധ്യാ വിധിയില്‍ എടുത്തുചേര്‍ത്തിട്ടുള്ളത്. തന്റെ കേസിന്റെ അടിസ്ഥാനത്തിലാണ് കേരള ഹൈക്കോടതി ജസ്റ്റിസ് കെഎസ് പരിപൂര്‍ണന്‍ കമ്മിഷനെ നിയോഗിച്ചതെന്ന് ഓട്ടോ ഡ്രൈവറായ രാജന്‍ പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കൈവശമുള്ള സ്വര്‍ണം റിസര്‍വ് ബാങ്കില്‍ ഈടായി നല്‍കിയതിലൂടെ വലിയ നഷ്ടമാണ് ക്ഷേത്രത്തിനുണ്ടായതെന്നായിരുന്നു തന്റെ പ്രധാന ആക്ഷേപം. ധനലക്ഷ്മി ബാങ്കില്‍ നിക്ഷേപിച്ച പണം കാലാവധിക്കു മുമ്പ് പിന്‍വലിച്ചതിലൂടെയും വലിയ നഷ്ടമുണ്ടായി. ഗുരുവായൂര്‍ മാഹാത്മ്യം എന്ന ചിത്രം നിര്‍മിച്ചും ദേവസ്വം ധനനഷ്ടമുണ്ടാക്കിയെന്ന് രാജന്‍ പറയുന്നു. തന്റെ കേസ് അയോധ്യാ വിധിയില്‍ പരാമര്‍ശിക്കപ്പെട്ടതില്‍ സന്തേഷമുണ്ടെന്ന് സുഹൃത്തുക്കൾക്കൊപ്പം രാജന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here