ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതി വിഷയത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ കാരണക്കാരന്‍ താനാണെന്ന കുറ്റസമ്മതം നടത്തി താഹിര്‍ ഹുസൈന്‍. ഡല്‍ഹി പോലീസിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ നടക്കുന്നതിനിടെയാണ് താഹിര്‍ കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. വടക്കു കിഴക്കന്‍ ഡല്‍ഹി മേഖലയിലാണ് കലാപം കത്തിപ്പടര്‍ന്നത്. ഭീകരസംഘടനകളുടെ വരെ നേതൃത്വത്തില്‍ നടന്ന കലാപത്തിന് നേതൃത്വം കൊടുത്തത് കൗണ്‍സിലര്‍ കൂടിയായിരുന്ന താഹിര്‍ ഹുസൈന്‍ ആണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കലാപം നടക്കുന്നതിനിടയില്‍ത്തന്നെയാണ് താഹിറിനെ അറസ്റ്റ് ചെയ്തത്. സ്വന്തം വീട് അക്രമികള്‍ക്ക് ഒളിത്താവളമാക്കിയാണ് താഹിര്‍ കലാപത്തിന് ചുക്കാന്‍ പിടിച്ചത്.

പ്രാകൃതമായി ജനങ്ങള്‍ക്ക് നേരെ ബോംബുകളും, പെട്രോള്‍ നിറച്ച കുപ്പികളും, ആസിഡ് ബള്‍ബുകളും കല്ലുകളും ഇരുമ്പുദണ്ഡുകളും കൊണ്ടാണ്് ആക്രമണം അഴിച്ചുവിട്ടത്. താഹിറിന്റെ വീടിന് മുകളില്‍ നിന്നാണ് വന്‍തോതില്‍ മാരകമായ സാധനങ്ങള്‍ കൊണ്ട് അക്രമം നടത്തിയത്. നിരവധി നാടന്‍ തോക്കുകള്‍ താഹിര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നതായും അക്രമികള്‍ക്ക് കൈമാറിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തന്റെ സഹപ്രവര്‍ത്തകനായ ഖാലിദ് സൈഫി എന്നയാളാണ് പ്രതിഷേധക്കാരെ കാലാപത്തിനായി തെരുവിലിറക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നതെന്നും താഹിര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഷഹീന്‍ ബാഗിലെ സമരങ്ങളുടെ നേതൃത്വം കൊടുക്കാന്‍ ഇര്‍ഷത് ജഹാന്‍ നിയോഗിക്കപ്പെട്ടതായും താഹിര്‍ പറഞ്ഞു.

ഫെബ്രുവരി നാലിന് അബു ഫൈസല്‍ എന്‍ക്ലേവില്‍ വച്ചാണ് ഖാലിദ് ഫൈസിയുമായി കലാപത്തിന് പദ്ധതിയിട്ടതെന്നാണ് താഹിറിന്റെ വെളിപ്പെടുത്തല്‍. പൗരത്വ നിയമത്തിന്റെ സമരം അക്രമാസക്തമാക്കിമാറ്റാനാണ് തീരുമാനം എടുത്തതെന്നും താഹിര്‍ വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുന്ന സമയം കണക്കാക്കി ചെയ്യണമെന്നും കേന്ദ്രസര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പറ്റിയ മാര്‍ഗ്ഗം അതാണെന്നുമാണ് കണക്കുകൂട്ടിയിരുന്നത.് കലാപത്തിനായി എല്ലാ മാരകായുധങ്ങളും സംഘടിപ്പിച്ചത് താന്‍ നേരിട്ടാണെന്നും താഹിര്‍ പോലീസിനോട് പറഞ്ഞു.

ഫെബ്രുവരി 24ന് നിരവധി പേരെ തന്റെ വീടിന് മുകളില്‍ എത്തിച്ചു. ആസിഡ് കുപ്പികളും പെട്രോള്‍ ബോംബുകളും കല്ലുകളും എറിയേണ്ടരീതികളും പരിശീലിപ്പിച്ചിരുന്നതായും താഹിര്‍ പറഞ്ഞു. അന്ന് ഉച്ചയ്ക്ക് 1.30നാണ് ആദ്യമായി അക്രമം ആരംഭിച്ചതെന്നും തുടങ്ങിയത് കനത്ത കല്ലേറോട് കൂടിയാണെന്നും താഹിര്‍ മൊഴി നല്‍കി. കലാപനിയന്ത്രണ നിയമവും ഇന്ത്യന്‍ ശിക്ഷാനിയമവും അനുസരിച്ചുള്ള 201, 302, 365, 124 എ എന്നിവ വകുപ്പുകളാണ് താഹിറിനും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി കലാപത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നിരവധി സ്ഥാപനങ്ങള്‍ തീപിടുത്തത്തില്‍ നശിക്കുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here