ഗുരുവായൂരിന്റെ ആരോഗ്യ രംഗത്തിന് പുതിയ മുന്നേറ്റം.

ഗുരുവായൂർ ⬤ ഗുരുവായൂർ നഗരസഭ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗുരുവായൂർ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ബഹു : കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബഹു : ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ഷൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ മുഖ്യാതിഥിയായിരുന്നു.

പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പി സെന്റർ, ആധുനിക ലാബ് സംവിധാനം, ഫാർമസി, കുട്ടികളുടെ പാർക്ക്, 108 ആംബുലൻസ് സേവനം, 2 ബെഡ് ഡേ കെയർ, ഓക്സിജൻ സിലിണ്ടർ, ആരോഗ്യ ബോധവൽക്കരണത്തിന് ഡിസ്പ്ലേ, ലൈറ്റ് മ്യൂസിക്, എഫ് എം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

അസിസ്റ്റൻഡ് സർജൻ റാങ്കിലുള്ള മെഡിക്കൽ ഓഫീസർ അടക്കം 3 ഡോക്ടർമാരുടെ സേവനം, 2 സ്റ്റാഫ് നഴ്സ്, 1ഫാർമസിസ്റ്റ്, 1 ഫിസിയോ തെറാപ്പിസ്റ്റ്, 2 ലാബ് ടെക്നീഷ്യൻ, 1 നഴ്സിങ് അസിസ്റ്റൻഡ്, 5 ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ്, 1 ഹെൽത്ത് ഇൻസ്പെക്ടർ, 5 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ക്ലാർക്ക്, പ്യൂൺ, ക്ലീനിംങ് സ്റ്റാഫ് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്. കൂടാതെ 19 ആശ പ്രവർത്തകർ വഴി കുടുംബങ്ങളിലേക്ക് ഏറ്റവും ആഴത്തിൽ ഇറങ്ങിച്ചെല്ലുവാനുള്ള വിപുലമായ ആരോഗ്യ പരിചരണ സംവിധാനവും ഉണ്ട്. രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് പ്രവർത്തന സമയം.\

ഗുരുവായൂർ നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 8 മണി മുതൽ വൈകീട്ട് 8 മണി വരെ ഒ പി പ്രവർത്തിക്കും, എൻ ടി ഇ പി (നാഷണൽ ടൂബർസിലോസിസ് എലിമിനേഷൻ പ്രോഗ്രാം) യുടെ ഭാഗമായി ഡെസിഗിനേറ്റഡ് മൈക്രോസ്കോപ്പി സെന്റർ ( ഡി എം സി ) അംഗീകാരമുള്ള ആധുനിക ലാബ് സൗകര്യം (കഫം പരിശോധിക്കാനുള്ള സൗകര്യത്തോടെ), ആഴ്ചയിൽ ഒരു ദിവസം പ്രതിരോധ കുത്തിവയ്പ് , മാതൃ ശിശു സംരക്ഷണ സേവനങ്ങൾ, എല്ലാ തിങ്കളാഴ്ചകളിലും ഗർഭിണികൾക്ക് പ്രത്യേക പരിചരണം, എല്ലാ വ്യാഴാഴ്ചകളിലും പ്രത്യേക ജീവിത ശൈലി രോഗ നിർണ്ണയ നിയന്ത്രണ ക്ലീനിക്ക്, എല്ലാ ശനിയാഴ്ചകളിലും പ്രത്യേക വയോജന സൗഹൃദ ക്ലിനിക്കുകൾ എന്നീ സൗകര്യങ്ങൾ ലഭ്യമാണ് .
2 ഡോക്ടർമാർ, 2 സ്റ്റാഫ് നഴ്സ്, 5 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, 1ഫാർമസിസ്റ്റ്, 1 ലാബ് ടെക്നീഷ്യൻ, 2 സപ്പോർട്ടിംങ് സ്റ്റാഫ് എന്നിവരുടെ സേവനവും ലഭ്യമാണ്. കൂടാതെ 15 ആശ പ്രവർത്തകരുടെ സജീവമായ പ്രവർത്തനം വഴി കുടുംബങ്ങൾക്ക് ഏറ്റവും ആഴത്തിലുള്ള ആരോഗ്യ പരിചരണം ഉറപ്പു നൽകുന്നു.

നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചർ, വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻമാരായ നിർമ്മല കേരളൻ, എം എ ഷാഹിന, കെ വി വിവിധ്, ടി എസ് ഷെനിൽ, മുൻ ചെയർമാൻ ടി ടി ശിവദാസ്, മുൻ വൈസ് ചെയർമാൻ കെ പി വിനോദ്, നഗരസഭ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത്, ഹെൽത്ത് സൂപ്പർവൈസർ ആർ സജീവൻ , മുനിസിപ്പൽ എഞ്ചിനീയർ ഇ ലീല, ഡോക്ടർമാരായ റംസി മുഹമ്മദ്,രോഹിത് ടി ആർ, സുജ സുരേഷ്, സിതാര അപ്പുകുട്ടൻ, ലമിന ഹസ്സൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഓൺലൈൻ വഴി നടന്ന ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുവാൻ ഇരു കേന്ദ്രങ്ങളിലും സൗകര്യം ഒരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here