ഗുരുവായൂർ: ജില്ലയിലെ മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടന പരിപാടിയിൽ ടി .എൻ. പ്രതാപൻ എം.പി.യെ ക്ഷണിക്കാത്തത് വിവാദത്തിൽ. ഏങ്ങണ്ടിയൂർ, ഗുരുവായൂർ നഗരസഭ, പൂക്കോട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിലേക്കാണ് എം.പി. യെ വിളിക്കാതിരുന്നത്. വിവാദമായതോടെ ആരോഗ്യവകുപ്പ് അധികൃതർ ക്ഷണിച്ചെങ്കിലും പങ്കെടുക്കില്ലെന്ന നിലപാടിലാണ് എം.പി.
തിങ്കളാഴ്ച രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലയിലെ 15 കുടുംബാരോഗ്യകേന്ദ്രങ്ങൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നത്. തൃശ്ശൂർ പാർലമെൻറ് മണ്ഡലത്തിൽ അഞ്ചണ്ണമാണുള്ളത്. ഗുരുവായൂർ നിയോജക മണ്ഡലത്തിൽപ്പെട്ടവയുടെ ഉദ്ഘാടനത്തിലാണ് എം.പി. യെ തഴഞ്ഞത്. എൻ.എച്ച്.എം. ഫണ്ടുപയോഗിച്ചാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മേൽനോട്ട സമിതി ചെയർമാൻ ടി.എൻ. പ്രതാപനാണ്. ഉദ്ഘാടനച്ചടങ്ങിൽനിന്ന് എം.പി.യെ ഒഴിവാക്കിയതിൽ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. എം.പി. യെ ഉദ്ഘാടന പ്രോട്ടോക്കോൾ ലംഘിച്ച് ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ജനപ്രതിനിധി യെ അവഹേളിക്കാനാണ് ശ്രമമെന്നും വിവധ കമ്മിറ്റികൾ കുറ്റപ്പെടുത്തി.
പഞ്ചായത്ത് ഭരണസമിതിയിലോ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിലോ ചർച്ച ചെയ്യാതെയും സർക്കാർ പ്രോട്ടോക്കോൾ പാലിക്കാതെയും ഉദ്ഘാടനത്തിന് കാര്യപരിപാടി തീരുമാനിച്ച് നോട്ടീസിറക്കിയതിൽ യു.ഡി.എഫ്. പാർലമെൻററി പാർട്ടി ലീഡർ ഇർഷാദ് കെ. ചേറ്റുവ പ്രതിഷേ ധിച്ചു. പ്രതിഷേധം ശക്തമായ പ്പോൾ എം.പി.യുടെ പേരുൾപ്പെടുത്തി ഫ്ലക്സ് വെച്ച് വിവാദത്തിൽനിന്നും രക്ഷപ്പെടാനുള്ള ബന്ധപ്പെട്ടവരുടെ ശ്രമങ്ങൾ അപഹാസ്യമാണെന്നും നേതാക്കൾ പറഞ്ഞു.