കോട്ടയം: മീനച്ചിലാറിലെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കില്‍പ്പെട്ട് അരകിലോമീറ്ററോളം ദൂരം ഒഴുകിപ്പോയ 60കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് മീന്‍പിടിക്കാന്‍ എത്തിയവര്‍ . കുടമാളൂർ അങ്ങാടി ഭാഗത്തെ അഗതി മന്ദിരത്തിലെ അന്തേവാസിയായ തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ശുഭലക്ഷ്മിയാണ് ഒഴുക്കിൽപ്പെട്ടത്. കുടമാളൂർ പാലത്തിനു സമീപം മീൻപിടിക്കാൻ വന്ന കുടമാളൂർ മഠത്തിൽപറമ്പിൽ ശങ്കരൻ, മകൻ ജയശങ്കർ എന്നിവരാണ് വള്ളത്തിലെത്തി ശുഭലക്ഷ്മിയെ കരയ്ക്കെത്തിച്ചത്. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി.
കുടമാളൂർ പാലത്തിൽ നിന്ന് അര കിലോമീറ്റർ ദൂരെയാണ് അഗതിമന്ദിരം. 4.30നാണ് ഇവരെ കാണാതായതെന്ന് അധികൃതർ പറഞ്ഞു. കാൽവഴുതി വെള്ളത്തിൽ വീണതാണെന്ന് ഇവർ പറയുന്നു. വൈകീട്ടത്തെ പ്രാർഥനകൾക്കിടെ ഇവർ പുറത്തിറങ്ങിയെന്നു സംശയിക്കുന്നതായി അഗതി മന്ദിരം അധികൃതർ പറഞ്ഞു. കാണാതായതിനെത്തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് സ്ത്രീയെ നാട്ടുകാർ വെള്ളത്തിൽ നിന്നു രക്ഷിച്ചതായി ഫോണിൽ അറിയിപ്പ് ലഭിച്ചത്.