ഗുരുവായൂർ: ഇന്ത്യൻ മണ്ണിലേക്ക് റഫേൽ യുദ്ധ വിമാനം പറന്നിറങ്ങിയപ്പോൾ അത് കേരളത്തിനും അഭിമാനമേകിയ നിമിഷമായിരുന്നു. റഫേൽ യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരിൽ ഒരാളായ കോട്ടയം ഏറ്റുമാനൂർ സ്വദേശി വിങ് കമാൻഡർ വിവേക് വിക്രമിനെക്കുറിച്ചാണ് ഒരു നാടുമുഴുവൻ അഭിമാനം കൊള്ളുന്നത്. ജില്ലാ ഗവൺമെന്റ് പ്ലീഡറായിരുന്ന ആർ. വിക്രമൻ നായരുടെയും റബർ ബോർഡ് മുൻ ഉദ്യോഗസ്ഥ കുമാരിയുടെയും മകനാണ് വിങ് കമാൻഡർ വിവേക് വിക്രം. വിവേകിന്റെ മാതാപിതാക്കളെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വീഡിയോ കോൾ വഴി അഭിനന്ദനമറിയിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കാനെത്തിയ കരുത്തൻ പോർവിമാനം പറത്തുന്നവരിലൊരാൾ തങ്ങളുടെ മകനായതിന്റെ സന്തോഷവും അഭിമാനവും ആ മാതാപിതാക്കളുടെ സംസാരത്തിലുടനീളം അദ്ദേഹവുമായി പങ്കുവെച്ചു. ശുഭാപ്തി വിശ്വാസവും ആത്മാർത്ഥതയുമുള്ള അച്ഛനമ്മമാരുടെ മകനായതിൽ വിവേകിനും തീർച്ചയായും അഭിമാനിക്കാം. ബി ജെ പിയുടെ മുതിർന്ന നേതാവ് ഏറ്റുമാനൂർ രാധാകൃഷ്ണനും , ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ഉഷാ സുരേഷും,വിവേക് വിക്രമിന്റെ വീട്ടിലെത്തി കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കു ചേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here