കൊച്ചി: നടന് അനില്‍ മുരളി (56) അന്തരിച്ചു . കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു . മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്താണ് അനില്‍ മുരളി ജനിച്ചു. ടിവി സീരിയലുകളിൽ അഭിനയിച്ചു തുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്.
ദൈവത്തിന്റെ വികൃതികൾ, നക്ഷത്രത്താരാട്ട്, ചാന്ത്പൊട്ട്, ക്ലാസ്മേറ്റ്സ്, ചാക്കോ രണ്ടാമൻ, വാൽക്കണ്ണാടി, താന്തോന്നി, കർമയോദ്ധ, മാന്ത്രികൻ, അയാളും ഞാനും തമ്മിൽ, ലയൺ, ബാബാ കല്യാണി, പുത്തൻ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, റൺ ബേബി റൺ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ഇമ്മാനുവൽ, ബഡ്ഡി, ചേട്ടായീസ്, ബോഡി ഗാർഡ്, ജോസഫ്, ഉയരെ, ബ്രദേഴ്സ് ഡേ തുടങ്ങിയ ഇരുനൂറോളം ചിത്രങ്ങളിൽ മുരളി വേഷമിട്ടു. ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം ഫോറൻസിക് ആയിരുന്നു. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.