കാര്‍ഗിലില്‍ അതിര്‍ത്തി കടന്നെത്തിയ ശത്രുവിനെ തുരത്തിയ ഇന്ത്യ നേടിയ ഐതിഹാസിക യുദ്ധ വിജയത്തിന് ഇന്ന് 21 വര്‍ഷം. മൂന്ന് മാസം നീണ്ട ചരിത്ര പോരാട്ടത്തില്‍ പാകിസ്താനെ തുരത്തി സൈന്യം ത്രിവര്‍ണ പതാക ഉയര്‍ത്തി വിജയം ഉറപ്പിച്ചപ്പോള്‍ രാജ്യത്തിന്റെ പരമാധികാരത്തിനായി ജീവന് വലി നല്‍കിയത് 527 ധീരന്മാരായ സൈനികരാണ്. ആത്മാഭിമാനം ഉയര്‍ത്തിയ വിജയം ആഘോഷിക്കുമ്പോള്‍ തന്നെ ആ ധീര രക്തസാക്ഷികള്‍ക്ക് മുന്നില്‍ ആദരമര്‍പ്പിക്കുകയാണ് രാജ്യം.
ഭീകരവാദികളുടെ പ്രച്ഛന്ന വേഷത്തില്‍ പാക് സൈനിക മേധാവി പര്‍വേസ് മുഷാറഫിന്റെ ഉത്തരവനുസരിച്ച് പാക് സൈന്യം കാര്‍ഗിലിലെ തന്ത്രപ്രധാനമായ മേഖലകളില്‍ നുഴഞ്ഞുകയറിയതോടെയാണ് കാര്‍ഗില്‍ സംഘര്‍ഷമുഖരിതമാകുന്നത്. 1999ലെ കൊടും ശൈത്യത്തില്‍ ഇന്ത്യ സൈനികരെ പിന്‍വലിച്ച തക്കത്തിനാണ് പാകിസ്താന് ചതി പ്രയോഗിച്ചത്.
ഓപ്പറേഷന് ബാദര്‍ എന്നപേരിലാണ് പാക് സൈന്യത്തിന്റെ നീതിരഹിതമായ നീക്കം നടന്നത്. ഇന്ത്യാ- പാക് നിയന്ത്രണരേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രു കൈവശപ്പെടുത്തി. ആട്ടിടയന്മാരില് നിന്ന് പാക് സൈന്യത്തിന്റെ നീക്കം അറിഞ്ഞ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കാനായി തുനിഞ്ഞു. ഓപ്പറേഷന് വിജയ് എന്ന സൈനിക നടപടിക്ക് തുടക്കമിട്ടു.
കാലാവസ്ഥയും ഭൂപ്രകൃതിയും എതിരുനിന്നിടത്ത് ആത്മവിശ്വസവും ധീരതയും കൊണ്ട് ഇന്ത്യന്‍ സൈന്യം ലോകത്തിന് മുന്നില്‍ പുതിയൊരു പോരാട്ട ഗാഥ രചിച്ചു. ജൂണ്‍ 19 മുതല്‍ ടോലോലിങ്ങിലെ ആക്രമണം മുതല്‍ ജൂലൈ നാലിന് ടൈഗര്‍ ഹില്‍സിന് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതു വരെ അത് നീണ്ടു നിന്നു. കരളുറപ്പുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞ പാക് പട തോറ്റമ്പി പിന്തിരിഞ്ഞോടി.
ജൂലൈ 14ന് കാര്‍ഗിലില്‍ ഇന്ത്യ വിജയം വരിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. പരമാധികാര രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തിനായി സ്വന്തം ജീവന് ബലികൊടുത്ത ധീര സൈനികരുടെ ജ്വലിക്കുന്ന ഓര്‍മയാണ് കാര്‍ഗില്‍. 21 വര്‍ഷങ്ങള്‍ക്കിപ്പുറവും രാജ്യം അവരുടെ വീരസ്മരണയെ അനുസ്മരിക്കുകയാണ്.
മലനിരകള്‍ക്ക് മുകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തിനെ തുരത്താന്‍ ഇന്ത്യയെ സഹായിച്ചത് കര-നാവിക- വ്യോമസേനയുടെ സംയുക്തമായ പ്രവര്‍ത്തനമാണ്. നുഴഞ്ഞുകയറിയ പാക് നോര്‍ത്തേണ്‍ ഇന്‍ഫന്‍ട്രിയെ നേരിടാന്‍ കരസേന ആദ്യമിറങ്ങി. പിന്നാലെ ഓപ്പറേഷന് തല്‍വാറുമായി നാവിക സേന രംഗത്തിറങ്ങി. പാക് തുറമുഖങ്ങള്‍ നാവിക സേന ഉപരോധിച്ചതോടെ അവര്‍ പ്രതിരോധത്തിലായി. ശ്രീനഗര്‍ വിമാനത്താവളം ലക്ഷ്യമിട്ട് പര്‍വത മുകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തിനെ ലക്ഷ്യമിട്ട് വ്യോമസേന ഓപ്പറേഷന് സഫേദ് സാഗറുമായി രംഗപ്രവേശനം ചെയ്തു.
നിയന്ത്രണരേഖ ലംഘിക്കാതെ വേണം ആക്രമണം നടത്തേണ്ടതെന്ന് കേന്ദ്രം വിലക്കിയില്ലായിരുന്നുവെങ്കില്‍ വേണ്ടിവന്നാല്‍ പാകിസ്താനിലും ബോംബിടാന്‍ തയ്യാറായിരുന്നു വ്യോമസേന. അഭിമാന പോരാട്ട വിജയത്തിന്റെ ആഹ്ലാദ നിറവിലും നഷ്ടമായ നമ്മുടെ പോരാളികളുടെ ജീവത്യാഗം പകരങ്ങളില്ലാത്ത വേദനയാണ്. ആ ധീര പോരാളികളെ നെഞ്ചോട് ചേർത്താണ് രാജ്യം സ്മരണ പുതുക്കുന്നത്. വിവിധയിടങ്ങളിൽ സംഘടനകളുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നുണ്ട്.