ഡൽഹി/ ഗുരുവായൂർ: 2019 ഇന്ത്യൻ ഫോറിൻ സർവീസ് പരിശീലനം പൂർത്തിയാക്കിയ ബാച്ച് പുറത്തിറങ്ങുന്നു

ഇന്ത്യൻ നയതന്ത്ര പ്രതിനിധികളാകാൻ തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പരിശീലനം ഡൽഹിയിൽ സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസിലാണ് നടക്കുന്നത്. 2019 ലെ ഈ ഓഫീസർമാരുടെ പരിശീലനം IAS , IPS , IRS തുടങ്ങിയ വിവിധ സർവീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കൊപ്പം 2019 ആഗസ്റ്റിൽ മസൂറിയിലാണ് ആരംഭിച്ചത്. മസൂറിയിലെ മൂന്നുമാസത്തെ പരിശീലനത്തിന് ശേഷം 2019 ഡിസംബർ മുതൽ ഇവർ സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസിൽ പരിശീലനത്തിലായിരുന്നു.

ഈ വർഷത്തെ ഇന്ത്യൻ ഫോറിൻ സർവീസ് ബാച്ചിൽ പരിശീലനം നേടി, ഇന്ത്യൻ നയതന്ത്ര സർവീസിന്റെ ഭാഗമാകുന്നത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുപ്പത് പേരാണ്. 15 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട മുപ്പതിൽ ആറു പേർ കേരളത്തിൽ നിന്നാണ് എന്നുള്ളത്‌ അതീവ സന്തോഷം നൽകുന്നു.

സമാപന പരിപാടിയിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം 1977 ബാച്ചിലെ ഐ എഫ് എസ് ഓഫീസറായി നയതന്ത്ര രംഗത്തേക്ക് കടന്നു വന്നതാണ്. പരിശീലനം പൂർത്തിയാക്കിയവർ, ലോകത്തിൽ നിർണ്ണായക ശക്തിയായി മാറിയ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളായാണ് പ്രവർത്തിക്കാൻ പോകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പരിശീലനത്തിന്റെ ഔപചാരികത പൂർത്തിയാക്കുമ്പോഴും ഔദ്യോഗിക കാലം മുഴുവനും പഠനവും വിശകലനവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിവുറ്റവരും നേതൃത്വഗുണമുള്ളവരുമായ ഈ യുവതീയുവാക്കളുടെ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ലോക ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം മഹനീയമാക്കും. വിദേശകാര്യ മന്ത്രി ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here