തൃശൂർ: രാജ്യമൊട്ടാകെ ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസ് ആചരിക്കവേ പട്ടാളക്കാരോടുള്ള സ്നേഹാദരവുമായി തൃശൂരിൽ നിന്നും ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദക്കൂട്ടായ്മ.
പട്ടാളക്കാരന്റെ കുടുംബത്തിനുള്ള കരുതൽ നാമോരുത്തരുടേതുമാണെന്ന സന്ദേശം നൽകുന്ന ഒരു ഹ്രസ്വ ചിത്രം ഇവരുടെ കൂട്ടായ്മയിൽ ഒരുങ്ങുന്നു. ജൂഡ് എന്ന പേരിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത സിനിമ സംവിധായകനായ മേജർ രവിയാണ്.

ഒരു വ്യക്തി ജവാനാകുന്ന നാൾ മുതൽ അവൻ രാജ്യത്തിന്റെ സ്വത്തായി മാറുന്നു. തന്റെ ജീവിതം മാത്രമല്ല; മറിച്ച് തനിക്ക് പ്രിയപ്പെട്ടതെല്ലാം തന്നെ ഒരു ജവാൻ നമുക്ക് വേണ്ടി ഹോമിക്കുന്നു. കഴിഞ്ഞ രാത്രി നമ്മൾ സുഖമായി
ഉറങ്ങിയെങ്കിൽ അത് ഉറക്കമൊഴിച്ച് അതിർത്തി കാക്കുന്ന പട്ടാളക്കാരന്റെ ത്യാഗമൊന്നു കൊണ്ടുമാത്രമാണ്. ഒരു പട്ടാളക്കാരന്റെ മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ, മറ്റു പ്രിയപ്പെട്ടവർ തുടങ്ങി എല്ലാവരും ആ ത്യാഗത്തിന് ഭാഗമാണ്.
ഇക്കാരണത്താൽ തന്നെ രാജ്യം മൊത്തം പട്ടാളക്കാരനോടും കുടുംബത്തോടും കടപ്പെട്ടിരിക്കുന്നു. ഒരു പട്ടാളക്കാരന്റെ യും അയാളുടെ പ്രിയപ്പെട്ടവരുടെയും സ്നേഹ നൊമ്പരങ്ങളെയും അവരുടെ നഷ്ടപ്പെട്ട സ്വപ്നങ്ങളെയും അനുസ്മരിപ്പിക്കുന്ന ഒരു ചിത്രമാണ് “ജൂഡ്”.
മികച്ച ഹ്രസ്വ ചിത്ര നിർമ്മാതാവെന്ന നിലയിൽ പുരസ്കാര ജേതാവായ സനോജ് വാസുദേവിന്റെ സംവിധായകനായുള്ള കന്നി സംരംഭമാണ് ജൂഡ്. 13.5 മിനിട്ട് ദൈർഖ്യമുള്ള ഈ ഹ്രസ്വചിത്രം
ഗോൾഡ് മോഷൻ പിക്ചേഴ്സ് ബാനറിൽ സൗഹൃദക്കൂട്ടായ്മക്കായി
അഡ്വ.സുജിത് അയിനിപ്പുള്ളിയാണ് നിർമ്മാണനിർവഹണം നടത്തുന്നത്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത സിനിമാട്ടോഗ്രാഫറായ ഷിജു. എം. ഭാസ്കറാണ്. കഥയും സംഭാഷണം മെജോ അങ്കമാലിയും എഡിറ്റിംഗ് ഷിബു പേരിശ്ശേരിയും സംഗീതം ടോണി ജോസഫും കൈകാര്യം ചെയ്യുന്നു. ജൂലൈ ഇരുപത്തിയാറാം രാജ്യമൊട്ടാകെ കാർഗിൽ വിജയദിവസ് ആയി ആചരിക്കുന്ന വേളയിൽ റിലീസ് ചെയ്യുന്നതിനായി ആസൂത്രണം ചെയ്തിരുന്നുവെങ്കിലും ലോക്ക് ഡൌൺ സാങ്കേതിക കാര്യങ്ങൾക്ക് തടസ്സം വരുത്തിയതിനാൽ റിലീസ് ഓഗസ്റ്റ് 2 ലേക്ക് നീട്ടുകയും ചിത്രത്തിന്റെ ടീസർ യൂ ട്യൂബിലൂടെ അന്നേ ദിവസം റിലീസ് ചെയ്യുന്നതിനും തീരുമാനിക്കുകയായിരുന്നു . പ്രശസ്ത നടൻ മോഹൻലാലിൻറെ ഫേസ് ബുക്ക്‌ പേജിലൂടെയാണ് ജൂഡിന്റെ റിലീസ് നടത്തുകയെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കഴിഞ്ഞാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇതിനോടകം തന്നെ വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here