തൃശൂര്‍: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 1000 കടന്നു. 40 തദ്ദേശസ്ഥാപന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണിലാണ്. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്ന് മുരിയാട് പഞ്ചായത്തിലേക്ക് രോഗം വ്യാപിക്കുകയാണ്. നാളെ വൈകിട്ട് മുതല്‍ ഇവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 30 സിഎഫ്എല്‍ടിസികള്‍ ജില്ലയില്‍ തയാറായി. ഇതില്‍ 6033 ബെഡ്ഡുകള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

പാലക്കാട് പട്ടാമ്പിയില്‍ രോഗബാധ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തില്‍ നടത്തിയ പരിശോധനയില്‍ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ മൂന്ന് കമ്യൂണിറ്റി ക്ലസ്റ്ററുകളാണുള്ളത്. കൊണ്ടോട്ടി, നിലമ്പൂര്‍, പൊന്നാനി നഗരസഭയിലെ എല്ലാ വാര്‍ഡുകളുമാണ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി തുടരുന്നത്. ലാര്‍ജ് ക്ലസ്റ്ററായിരുന്ന പൊന്നാനി താലൂക്കിലെ പൊന്നാനി നഗരസഭ ഒഴികെയുള്ള പ്രദേശങ്ങളില്‍ രോഗവ്യാപനം കുറഞ്ഞു. അതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരു ക്ലസ്റ്ററായിരുന്ന താനൂര്‍ നഗരസഭാ പരിധിയിലെ നിയന്ത്രണങ്ങളും ഒഴിവാക്കി. ജില്ലയില്‍ 59 കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാണ് ഒരുങ്ങുന്നത്. 50,793 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടാകും.

⁰വയനാട് ജില്ലയില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ഉണ്ടായിട്ടില്ല. ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായി തൊണ്ടര്‍നാട് പ്രദേശം തുടരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നത് 12 തദ്ദേശ സ്ഥാപനങ്ങളിലെ 87 വാര്‍ഡുകളാണ്. ജില്ലയില്‍ 20 എഫ്എല്‍ടിസികളിലായി 2630 കിടക്കകള്‍ സജ്ജീകരിച്ചുകഴിഞ്ഞു. 5660 ബെഡ്ഡുകളുടെ സൗകര്യത്തില്‍ 52 കേന്ദ്രങ്ങള്‍ എഫ്എല്‍ടിസിയാക്കുന്നതിന് കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here