ചാവക്കാട്: നഗരസഭയിലെ രണ്ടു ജീവനക്കാർക്ക് കൂടി ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയിൽ രോഗം സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം നാലായി. ശുചീകരണ തൊഴിലാളിയായ പുരുഷനും ശുചിത്വമിഷൻ ഓഫീസിലെ വനിതാ ജീവനക്കാരിക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.

നഗരസഭയിലെ നൈപുണ്യ പരീശീലന (എൻ.യു.എൽ.എം.) വിഭാഗത്തിലെ രണ്ടു ജീവനക്കാർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൗൺസിലർമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാരെയും സ്വയം നിരീക്ഷണത്തിലാക്കുകയും കോവിഡ് സ്രവ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ഞായറാഴ്ച 106 ജീവനക്കാരുടെയും തിങ്കളാഴ്ച 46 ജീവനക്കാരുടെയും സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. ഞായറാഴ്ച പരിശോധന നടത്തിയവരിൽ രണ്ടു പേർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.

രോഗം ആദ്യം സ്ഥിരീകരിച്ച ചാവക്കാട് നഗരസഭയിലെ രണ്ട് എൻ.യു.എൽ.എം. ജീവനക്കാർക്കും രോഗം പകർന്നത് കുന്നംകുളം, ചാവക്കാട് നഗരസഭകളുടെ ചുമതലയുള്ള എൻ.യു.എൽ.എം. ഉദ്യോഗസ്ഥനിൽ നിന്ന്‌ എന്നാണ് നിഗമനം. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിക്കുകയും മറ്റ് ജീവനക്കാരും കൗൺസിലർമാരും സ്വയം നിരീക്ഷണത്തിൽ പോകുകയും ചെയ്തതോടെ നഗരസഭയുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. പരിശോധനയിൽ രോഗമില്ലെന്ന് തെളിഞ്ഞ ജീവനക്കാരെ വെച്ച് വ്യാഴാഴ്ച പ്രവർത്തനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചെയർമാൻ എൻ.കെ. അക്ബർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here