കോവിഡ് രോഗം ബാധിച്ച് ഭേദമായി എന്നതു കൊണ്ട് മാത്രം വീണ്ടും രോഗം വരാതിരിക്കില്ലെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനുല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധത്തിലാണ് ഇത് പറയുന്നത്. രോഗം ഭേദമായ ശേഷം ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആന്റിബോഡിക്ക് ദീര്‍ഘകാലത്തേക്ക് കൊറോണവൈറസിനെ പ്രതിരോധിച്ച് നിര്‍ത്താന്‍ കഴിയണമെന്നില്ലെന്ന് പഠനം വിശദീകരിക്കുന്നു.

രോഗം നിയന്ത്രിതമായ രീതിയില്‍ സമൂഹത്തിലേക്ക് കടത്തിവിട്ട് ഹെര്‍ഡ് ഇമ്യൂണിറ്റി വര്‍ധിപ്പിക്കുകയെന്ന നയം നെതര്‍ലാന്‍ഡ്സ് നടപ്പാക്കിയിരുന്നു. കോവിഡ് മൂലം ജീവാപായമുണ്ടാകാനിടയുള്ളവരെ മാത്രം സംരക്ഷിക്കുകയും മറ്റുള്ളവര്‍ ജാഗ്രതയോടെ പെരുമാറുകയും ചെയ്യുകയെന്ന നയമാണ് ഈ രാജ്യം സ്വീകരിച്ചത്. എന്നാല്‍, രോഗം വന്ന് ഭേദമാകുന്നതോടെ കൈവരുമെന്ന് കരുതപ്പെടുന്ന ഹെര്‍ഡ് ഇമ്യൂണിറ്റി അഥവാ സമൂഹ പ്രതിരോധശേഷി കൊറോണ വൈറസ്സിന്റെ കാര്യത്തില്‍ നടപ്പായിക്കൊള്ളണമെന്നില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

രോഗം ബാധിച്ച 34 പേരിലാണ് പഠനം നടത്തിയത്. ഇവര്‍ ചെറിയ തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവരായിരുന്നു അധികവും. രണ്ട് പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ സപ്പോര്‍ട്ട് വേണ്ടി വന്നത്. ആരും വെന്റിലേറ്ററിലാകുകയോ, കോവിഡ് മരുന്നായി ഉപയോഗിക്കപ്പെടുന്ന രംഡെസിവിര്‍ പ്രയോഗിക്കുകയോ ചെയ്തിരുന്നില്ല. ശരാശരി 37 വയസ്സുള്ളവരില്‍ നിന്നുള്ള ആന്റിബോഡിയാണ് എടുത്ത് വിശകലന പഠനം നടത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴായിരുന്നു ഇത്. പിന്നീട് രോഗം ഭേദമായതിനു ശേഷവും ഇവരില്‍ നിന്ന് ആന്റിബോഡി ശേഖരിച്ചു. ഏതാണ്ട് മൂന്ന് മാസം പിന്നിട്ടപ്പോഴായിരുന്നു ഇത്. ആന്റിബോഡിയുടെ നഷ്ടം അതിവേഗത്തില്‍ എല്ലാവരുടെയും ശരീരത്തില്‍ സംഭവിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. മുമ്പ് വ്യാപിച്ച കോവിഡ് വൈറസ് രോഗമായ സാര്‍സിനെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ശരീരത്തില്‍ ആന്റിബോഡി നഷ്ടമുണ്ടാകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here