ഡൽഹി/ ഗുരുവായൂർ:രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വിജയിച്ച 61 പേരിൽ 45 പേർ ഇന്ന് രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ വെങ്കയ്യ നായിഡുവിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.
സാധാരണയായി തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പാർലമെന്റ് സമ്മേളനകാലത്താണ് നടക്കാറുള്ളത്. ഇത്തവണത്തെ പ്രത്യേക പരിതഃസ്ഥിതിയിൽ രാജ്യസഭാ ചെയർമാന്റെ ചേമ്പറിലാണ് ചടങ്ങ് നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ശാരീരിക അകലം ഉറപ്പാക്കിയുമാണ് എല്ലാ അംഗങ്ങളും സഭയിൽ സന്നിഹിതരായിരുന്നത്. പക്ഷെ കോവിഡ് കാരണം അംഗങ്ങൾക്ക് ആർക്കും തന്നെ അവരുടെ കുടുംബാംഗങ്ങളെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുപ്പിക്കാൻ സാധിച്ചില്ല. മലയാളിയായ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ രാജസ്ഥാനിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

എങ്കിലും കോൺഗ്രസ് അംഗസംഖ്യ 46 ൽ നിന്നും 40 ആയി കുറഞ്ഞു. 61 സീറ്റുകളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഒരംഗത്തെ പോലും വിജയിപ്പിക്കാൻ കമ്മ്യൂണിസ്റുകാർക്കും സാധിച്ചില്ല.

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടു കൂടി ഭാരതീയ ജനതാ പാർട്ടിയുടെ അംഗസംഖ്യയിൽ വർധനവുണ്ടായി എന്നത്‌ ഏറെ സന്തോഷം തരുന്ന ഒരു കാര്യമാണ്. ഭാരതീയ ജനതാ പാർട്ടിയുടെ അംഗസംഖ്യ നേരത്തെ 82 ആയിരുന്നത് ഈ തെരെഞ്ഞെടുപ്പുകളോട് കൂടി 85 ആയി വർധിച്ചിരിക്കുകയാണ്. 17 പേരാണ് ഇന്ന് ഭാരതീയ ജനതാ പാർട്ടിയുടെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാംഗങ്ങളായത്. ഭാരതീയ ജനതാ പാർട്ടിയുടെ അംഗങ്ങളിൽ 9 പേർ പുതുമുഖങ്ങളാണ്. വിദ്യാഭ്യാസ യോഗ്യത നോക്കിയാൽ 14 പേർ വിവിധ വിഷയങ്ങളിൽ ബിരുദധാരികളാണ്. അതിൽ 6 പേർ നിയമ ബിരുദധാരികൾ, ഒരു മെഡിക്കൽ പ്രൊഫഷണൽ, നിരവധി മാനേജ്‌മന്റ് പ്രൊഫഷണലുകൾ തുടങ്ങിയ വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യതകളാണ് ഭാരതീയ ജനതാ പാർട്ടിയുടെ അംഗങ്ങൾക്കുള്ളത്.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള നിയമത്തെ അനുകൂലിച്ചു കൊണ്ട് ഭാരതീയ ജനതാ പാർട്ടിയോടൊപ്പം നിന്ന രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ശ്രീ ഭുവനേശ്വർ കലിത, ഗുജറാത്തിലെ കോൺഗ്രസ് ഭരണത്തിൽ ഉപമുഖ്യമന്ത്രിയായിരുന്ന ശ്രീ നർഹരി അമീൻ, ഈ അടുത്തകാലം വരെ കോൺഗ്രസ് നേതാവായിരുന്ന ശ്രീ ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരൊക്കെ ഇന്ന് ഭാരതീയ ജനതാ പാർട്ടിയുടെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത പ്രമുഖരിൽ പെടുന്നു. മുൻ ലോക്സഭാംഗങ്ങളായിരുന്ന മൂന്നുപേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭ അംഗങ്ങളായി. ഛത്രപതി ശിവജിയുടെ പിന്മുറക്കാരനും മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവുമായ ശ്രീ ഉദയൻ രാജെ ഭോസ്‌ലെ, മണിപ്പൂരിലെ മഹാരാജാവ് തുടങ്ങിയ വ്യത്യസ്തമായ പശ്ചാത്തലമുള്ള വ്യക്തികളും ഇന്ന് രാജ്യസഭയിലെ ഭാരതീയ ജനതാ പാർട്ടിയുടെ അംഗങ്ങൾ എന്ന നിലയിൽ സത്യപ്രതിജ്ഞ ചെയ്തവരിൽ പെടുന്നു.

കഴിഞ്ഞ ഒരു വർഷക്കാലത്തെ പാർലമെന്ററി കാര്യ വകുപ്പിന്റെ സഹമന്ത്രി എന്ന നിലയിൽ ഭാരതീയ ജനതാ പാർട്ടിയുടെ വളർച്ചയുടെ ഭാഗമാകാൻ ലഭിച്ച ഈ അവസരം ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. ഭാരതീയ ജനതാ പാർട്ടിയും ദേശീയ ജനാധിപത്യ സഖ്യവും നരേന്ദ്ര മോദിജിയെ പിന്തുണയ്ക്കുന്ന മറ്റു നിരവധി പാർട്ടികളും ചേർന്നുകൊണ്ട് രാജ്യസഭയിലും സർക്കാരിന് കൂടുതൽ അനുകൂലമായിട്ടുള്ള ഒരു സാഹചര്യം ഈ തെരെഞ്ഞെടുപ്പോടു കൂടി സൃഷ്ടിക്കപെട്ടിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here