ഗുരുവായൂർ: മലയാള കവിതയെ മാതൃവാൽസല്യം നിറഞ്ഞ വരികളാൽ സമ്പന്നമാക്കിയ കവയത്രി ബാലാമണിയമ്മയുടെ ജന്മവാർഷിക ദിനമാണിന്ന്.
തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് വീട്ടില്‍ 1909 ജൂലൈ 19 ന് ജനിച്ച ബാലാമണിയമ്മ, പരമ്പരാഗത ചട്ടക്കൂടുകൾ ഭേദിക്കാതെ സ്ത്രീത്വത്തിന്റെ വിഭിന്ന ഭാവങ്ങളെ രചനകളാക്കിയാണ് മലയാള കാവ്യശാഖയെ സമ്പന്നമാക്കിയത്. നാലപ്പാട്ട് നാരായണ മേനോന്റെ അനന്തരവൾക്ക് ഔപചാരിക വിദ്യാഭ്യാസമില്ലായിരുന്നെങ്കിലും, ജന്മസിദ്ധമായി കിട്ടിയിരുന്നു കവിത്വം .അമ്മാവന്റെ ഗ്രന്ഥശേഖരമായിരുന്നു ബാലാമണിയമ്മയിലെ പ്രതിഭയ്ക്ക് വളമൊരുക്കിയത്.

1930 ല്‍ പ്രസിദ്ധീകരിച്ച കൂപ്പുകൈ മുതൽ സ്ത്രീഹൃദയവും സോപാനവും മുത്തശ്ശിയും മഴുവിന്റെ കഥയും എല്ലാം ഒന്നിനൊന്ന് മെച്ചം. പുരാണ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും സ്വന്തമായി ഒരു വ്യാഖ്യാനം നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞുവെന്നതിന്റെ ഉദാഹരണമാണ് മഴുവിന്റെ കഥ. പരശുരാമന്റെ മനോവികാരങ്ങൾ വളരെ ആഴത്തിൽ പ്രതിഫലിപ്പിച്ച ഈ കവിത , കേരളത്തിന്‍റെ പശ്ചാത്തലവും വര്‍ത്തമാനകാല അവസ്ഥയും തൻമയത്വത്തോടെ അവതരിപ്പിക്കുന്നു. മാതൃത്വവും ശൈശവ നിഷ്കളങ്കതയും മനോഹരമായി അവതരിപ്പിക്കുന്ന രചനകളിലൂടെ കാവ്യത്തറവാട്ടിലെ അമ്മ മുഖമായി മാറി ബാലാമണിയമ്മ. അവരുടെ കവിതകള്‍ ഒരു താരാട്ടു പോലെ ഇന്നും മലയാളികള്‍ ചൊല്ലുന്നു.

ദേശഭക്തിയും ദാര്‍ശനികതയും തുളുമ്പുന്ന വരികളും ആ തൂലികയില്‍വിരിഞ്ഞു.
“വിട്ടയയ്ക്കുക കൂട്ടില്‍ നിന്നെന്നെ
ഞാനൊട്ടുവാനില്‍ പറന്നു നടക്കട്ടെ” എന്ന് സ്വാതന്ത്ര്യത്തെ കുറിച്ചെഴുതി ബാലാമണിയമ്മ.
കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽ നിന്ന് 1947ൽ നേടിയ സാ‍ഹിത്യനിപുണ ബഹുമതിയടക്കം
നിരവധി പുരസ്കാരങ്ങൾ ബാലാമണിയമ്മയെ തേടിയെത്തിയിട്ടുണ്ട്.
“ആയിരം കണ്ണു തുടയ്ക്കുവാനുഴറുവോ
ര്‍ക്കാധിയേകാറില്ല താഴ്ചയുയര്‍ച്ചകള്‍” ഏതു കാലത്തും പ്രസക്തമാണ് അമ്മയുടെ ഈ വരികൾ . മറക്കാനാകാത്ത ഇത്തരം നിരവധി വരികൾ സമ്മാനിച്ച തൂലികയുടെ ഉടമയ്ക്ക് വിനീതമായ പ്രണാമം

LEAVE A REPLY

Please enter your comment!
Please enter your name here