കടുത്ത എതിർപ്പിനെ തുടർന്ന് ഒരു ഘട്ടത്തിൽ പദ്ധതി ഉപേക്ഷിച്ച ഗെയിൽ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) നടപ്പാക്കുന്ന കൊച്ചി – മംഗളൂരു വാതക പൈപ്പ് ലൈൻ പദ്ധതിയുടെ പ്രവൃത്തി യാഥാർഥ്യമാവുന്നു. ഈ മാസം പ്രവൃത്തികൾ പൂർത്തിയാകും. കാസർകോട് ജില്ലയിൽ ഒന്നര കിലോമീറ്റർ ദൂരത്ത് മാത്രമാണ് പൈപ്പിടൽ ശേഷിക്കുന്നത്. ചന്ദ്രഗിരി പുഴയ്ക്കുകുറുകെ ഭൂമിക്കടിയിലൂടെ പൈപ്പ് ലൈൻ (ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ്) സ്ഥാപിക്കുന്നത് രണ്ടാഴ്ചകൊണ്ട് പൂർത്തീകരിക്കും.

കൊച്ചി-കൂറ്റനാട്-മംഗലാപുരം (444 കി മീ) ലൈൻ ഏഴ് ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ ജലാശയങ്ങൾക്കടിയിലൂടെയുള്ള പൈപ്പിടലാണ് അവസാന ഘട്ടത്തിൽ നടന്നത്. പൈപ്പിടൽ കഴിഞ്ഞാൽ പരിശോധനകൾക്കുശേഷം വാതകം നിറയ്ക്കും. വൻകിട കമ്പനികളിലേക്കും മറ്റുമുള്ള വാതക വിതരണം അധികം വൈകാതെ ആരംഭിക്കും. വലിയ അളവിലുള്ള (കുറഞ്ഞത് 50,000 സ്റ്റാൻഡേർഡ് ക്യൂബിക് മീറ്റർ) വാതക വിതരണമാണ് ഗെയിൽ നടപ്പാക്കുക.

അതേസമയം ചെറുകിട വാതക വിതരണം ഇനിയും വൈകിയേക്കും. ഈ ലൈനിൽനിന്ന് സബ്സ്റ്റേഷൻ വഴി വീടുകളിലേക്കും വാഹനങ്ങളിലേക്കുമുള്ള (ലോക്കൽ കണക്ഷൻ) വിതരണ ചുമതല ഇന്ത്യൻ ഓയിൽ കോർപറേഷനാണ്. അദാനി ഗ്രൂപ്പിനെയാണ് നിർമാണം ഏൽപ്പിച്ചത്. പൈപ്പുകൾ ഇറക്കിയിട്ടുണ്ടെന്നല്ലാതെ നിർമാണ പ്രവൃത്തി ഇനിയും തുടങ്ങിയിട്ടില്ല. പ്രധാന പൈപ്പ് ലൈനുകളും ഉപശൃംഖലകളും ഒന്നിച്ച് സ്ഥാപിക്കണമെന്നായിരുന്നു നിർദേശമെങ്കിലും അതുണ്ടായില്ല. 96 കിലോമീറ്റർ ദൂരത്തിലുള്ള കൊച്ചി-കൂറ്റനാട് ലൈനിൽ കഴിഞ്ഞമാസം വാതകം നിറച്ചുകഴിഞ്ഞതാണ്. അഞ്ചിടങ്ങളിൽ സബ് സ്റ്റേഷനും തയ്യാറായി. എന്നാൽ ലോക്കൽ കണക്ഷൻ സജ്ജമാകാത്തതിനാൽ വിതരണം വൈകുകയാണ്. എറണാകുളത്ത് ഗെയിൽ പ്രകൃതിവാതക വിതരണം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ബങ്കുകളിലേക്കും നേരത്തേ ആരംഭിച്ചിരുന്നു.

കോഴിക്കോട് ചാലിയാർ, ഇരുവഴിഞ്ഞി, കുറ്റ്യാടി, മലപ്പുറത്ത് ഭാരതപ്പുഴ എന്നീ പുഴകൾക്കടിയിലൂടെയാണ് പൈപ്പിട്ടത്. 2010 ലാണ് പദ്ധതിക്ക് തുടക്കമായത്. സ്ഥലം ഏറ്റെടുക്കാത്തതിനെ തുടർന്ന് 2014ൽ മുഴുവൻ കരാറുകളും ഗെയിൽ ഉപേക്ഷിച്ചു. പിന്നീട് എൽ.ഡി.എഫ് സർക്കാർ വന്നതോടെ 2016 ജൂണിലാണ് പദ്ധതി വീണ്ടും ആരംഭിച്ചത്. ഏഴ് ഘട്ടമായാണ് കൊച്ചി-മംഗളൂരു ലൈൻ കമീഷൻ ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here