തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടിച്ച സംഭവത്തിൽ മുഖ്യ പ്രതികളിൽ ഒരാളായ സ്വപ്ന സുരേഷ് കേരളം വിട്ടത് നാല് ദിവസത്തിന് ശേഷമെന്ന് റിപ്പോർട്ട്. ജൂലായ് ഒമ്പതിന് പട്ടാപ്പകല്‍ വാളയാര്‍ വഴിയാണ് സ്വപ്ന കുടുംബ സമേതം കേരളം വിട്ടതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇവർ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്ത് വിട്ടു.

ADVERTISEMENT


സ്വപ്നയുടെ ഉടസ്ഥതയിലുള്ള കെഎല്‍ 01 സിജെ 1981 കാറിലായിരുന്നു സംഘം കേരളം വിട്ടതെന്നാണ് സൂചന. ഒന്‍പതിന് ഉച്ചക്ക് 12.22 ന് തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഒരു മണിക്കൂര്‍ കൊണ്ട് ഇതേവാഹനം വടക്കഞ്ചേരി കടന്ന് വാളയാര്‍ ടോള്‍പ്ളാസയില്‍ എത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വപ്നയ്ക്ക് ഒപ്പം സന്ദീപും വാഹനത്തിലുണ്ടായിരുന്നു എന്നാണ് വിവരം.

അന്വേഷണ ഏജന്‍സികൾ സ്വപ്നയ്ക്കും സന്ദീപിനും വേണ്ടി തിരച്ചില്‍ ആരംഭിച്ച ശേഷമായിരുന്നു ഈ യാത്ര. മാധ്യമങ്ങളിൽ ഉൾപ്പെടെ ഇവരുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നതിനിടയിലും ഇവരെ ആരും തിരിച്ചറിഞ്ഞില്ലെന്ന് മാത്രമല്ല കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ തന്നെ പിടിക്കപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സ്വർണക്കടത്ത് വിവാദമായിട്ടും സംസ്ഥാന പോലീസ് ഈ സമയം ഒരു തരത്തിലുള്ള പരിശോധനയും നടത്തിയിരുന്നില്ലെന്നത് കൂടിയാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ഒളിവില്‍പോകാന്‍ ഉന്നതതലങ്ങളില്‍ നിന്നുള്ള സഹായം ലഭിച്ചിരുന്നുവെന്ന ആരോപണങ്ങളും ഈ നിലയിൽ ശക്തമാവുകയാണ്. എന്നാൽ ഇക്കാലയളവിലെ പ്രതികളുടെ സഞ്ചാരപഥമുൾപ്പെടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.

COMMENT ON NEWS

Please enter your comment!
Please enter your name here