തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റിനുള്ളിൽ ശസ്ത്രക്രിയക്കുപയോഗിക്കുന്ന കൊടിൽ (ഫോർസെപ്സ്) കണ്ടെത്തി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഇത് പുറത്തെടുത്തു. കൂർക്കഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ മാളിയേക്കൽ ജോസഫ് പോളിന്റെ (55)വയറ്റിൽ നിന്നാണ് ശസ്ത്രക്രിയ നടത്തുമ്പോൾ വസ്തുക്കൾ എടുത്ത് മാറ്റിവെക്കാൻ ഉപയോഗിക്കുന്ന കൊടിൽ കണ്ടെടുത്തത്. മെഡിക്കൽകോളജിലെ സീനിയർ ഡോക്ടർ പോൾ ടി ജോസഫാണ് ശസ്ത്രക്രിയ നടത്തിയത്.

ADVERTISEMENT


ഡോക്ടർക്കെതിരെ മുഖ്യമന്ത്രി,ആരോഗ്യ മന്ത്രി, ജില്ലാ കലക്ടർ, തൃശൂർ എ.സി.പി എന്നിവർക്ക് പരാതി നൽകി. മെഡിക്കൽ കോളജിലെ ജോലിക്കൊപ്പം സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തതിന് നടപടി നേരിട്ടയാളാണ് ഗ്യാസ്ട്രോ സർജനായ ഡോ. പോൾ. ടി. ജോസഫെന്ന് ആരോപണമുണ്ട്. ജോസഫ് പോളിന് രണ്ട് ശസ്ത്രക്രിയകളാണ് നടത്തിയത്. ഇതിൽ ഏത് ശസ്ത്രക്രിയക്കിടെയാണ് ഉപകരണം വയറിനുള്ളിലിട്ട് തുന്നിച്ചേർത്തതെന്ന് അറിയില്ല. മഞ്ഞപ്പിത്ത ചികിത്സക്കിടെ പാൻക്രിയാസിൽ തടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ജോസഫ് പോൾ മെഡിക്കൽ കോളജിലെത്തിയത്. അവിടുത്തെ മറ്റൊരു ഡോക്ടറുടെ നിർദേശപ്രകാരം ഡോ. പോളിനെ കാണുകയായിരുന്നു. കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ വന്ന് കാണാനായിരുന്നു ഡോ. പോളിന്റെ നിർദേശം. ഇതനുസരിച്ച് അവിടെയെത്തി ഡോ. പോളിനെയാണ് കണ്ടതെങ്കിലും ബില്ലിൽ പി അരുൺകുമാർ രാജ് എന്നാണ് ഡോക്ടറുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 25നാണ് ഡോക്ടറെ കണ്ടത്.

മേയ്​ അഞ്ചിന്​ ശസ്​ത്രക്രിയയും നിശ്​ചയിച്ചു. ശസ്​ത്രക്രിയയിൽ കാര്യമായ പരിചരണം വേണമെങ്കിൽ പണം വേണമെന്ന് പറഞ്ഞതനുസരിച്ച് കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തി 10,000 രൂപയും നൽകി. മേയ്​ അഞ്ചിനായിരുന്നു ആദ്യ​ ശസ്​ത്രക്രിയ. ഇതിന് ​ശേഷം അണുബാധയുണ്ടെന്ന്​ പറഞ്ഞ്​ 12ന്​ വീണ്ടും ശസ്​ത്രക്രിയ നടത്തി. മേയ്​ 30നാണ്​ ആശുപത്രി വിട്ടത്. രണ്ടാഴ്​ച കഴിഞ്ഞ്​ വീണ്ടും ഡോക്​ട​ർ പോളിനെ കാണാൻ പോയപ്പോൾ സി.ടി. സ്​കാൻ എടുത്തു കാണിക്കാൻ ആവശ്യപ്പെട്ടു. പിന്നീട്​ ജൂലൈ ആറിന്​ വീണ്ടും അഡ്​മിറ്റാകാൻ ആവശ്യപ്പെട്ടു. പഴുപ്പ്​ ഉണ്ടെന്നും ജൂലൈ ഏഴിന്​ ഒരു ശസ്​ത്രക്രിയ കൂടി നടത്തണമെന്നുമാണ്​ ഡോക്​ടർ പറഞ്ഞത്​. സംശയത്തെ തുടർന്ന് ഒരു ലാബിൽ ചെന്ന്​ വയറി​ന്റെ എക്​സ്​റേ എടുത്തപ്പോളാണ്​ ശസ്​​ത്രക്രിയ ഉപകരണം ഉള്ളിലുണ്ടെന്ന്​ കണ്ടെത്തിയത്​. തുടർന്ന്​ മെഡിക്കൽ കോളജിൽ നിന്ന്​ ഡിസ്​ചാർജ്​ വാങ്ങി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ​ശസ്​ത്രക്രിയ നടത്തി ഉപകരണം പുറത്തെടുക്കുകയായിരുന്നു. വിവരവുമായി ബന്ധപ്പെട്ട് ഡോക്ടറെ വിളിച്ചുവെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.

COMMENT ON NEWS

Please enter your comment!
Please enter your name here