തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ യു.എ.ഇ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈഖിരി ഇന്ത്യ വിട്ടു. ഡല്‍ഹിയില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് അറ്റാഷെ യു.എ.ഇയിലേക്ക് പോയത്. അതെ സമയം യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരിലുള്ള കത്ത് പുറത്തുവന്നു. സരിത്ത് സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍റെ പേരിലുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്. തന്‍റെ പേരില്‍ ബാഗേജ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തുന്നതാണ് കത്തിന്‍റെ ഉള്ളടക്കം. അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈഖിരിയുടെ പേരിലാണ് അധികാരപത്രം. കത്ത് താന്‍ തയ്യാറാക്കിയതാണെന്ന് സരിത്ത് കസ്റ്റംസിന് മൊഴി നല്‍കി. കത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍റെ ഒപ്പിട്ടത് താനാണെന്നും സരിത്തിന്‍റെ മൊഴിയിലുണ്ട്. ദുബൈയിലെ കരാമയിൽ ഫൈസലിനൊപ്പം ജോലി ചെയ്തിരുന്നതായും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.

ഇതിനിടയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് കടന്നത് വാളയാര്‍ ചെക്പോസ്റ്റ് വഴി എന്ന് സ്ഥിരീകരണം പുറത്തുവന്നു. സ്വർണം പിടികൂടി നാല് ദിവസത്തിന് ശേഷമായിരുന്നു സ്വപ്നയുടെ ബംഗളൂരു യാത്ര. സ്വന്തം വാഹനത്തില്‍ ചെക്പോസ്റ്റ് കടന്നിട്ടും പൊലീസിന് പിടികൂടാനായില്ല. സ്വപ്നയുടെ വാഹനം കടന്ന് പോയ സമയത്ത് വാളയാർ ടോൾ പ്ലാസയിലെ സി.സി.ടി.വികൾ പ്രവർത്തിക്കാതിരുന്നതും ദുരൂഹത വർധിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here