ദുബായ് : ദുബായിലെ പ്രമുഖ കാര്‍ഗോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം, മലയാളികളടക്കമുള്ള നിരവധി പ്രവാസികളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കത്തി നശിച്ചു.  ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൂബി കാര്‍ഗോയുടെ ഉമ്മു റമൂലിലെ വെയര്‍ഹൗസാണ് കത്തിയമര്‍ന്നത്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് അയക്കാന്‍ ഏല്‍പിച്ച വിലപിടിപ്പുള്ള സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.

ADVERTISEMENT

ഈ മാസം ആറിന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അഗ്‌നിബാധ. ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും സിവില്‍ഡിഫന്‍സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. കോഴിക്കോട് സ്വദേശി രഘുനാഥിന്റെ ഉടമസ്ഥതയിലുള്ളതാണ് റൂബി കാര്‍ഗോ കമ്പനി. കോവിഡ് 19 കാലത്ത് ദുരിതത്തിലായി നാട്ടിലേയ്ക്ക് മടങ്ങുന്നതിനാല്‍ പലരും തങ്ങളുടെ സാധനങ്ങള്‍ ഭൂരിഭാഗവും കാര്‍ഗോ കമ്പനിയെ ഏല്‍പിച്ച് കുറഞ്ഞ ലഗേജുമായാണ് വിമാനം കയറിയത്. എന്നാല്‍, വെയര്‍ഹൗസ് അഗ്‌നിക്കിരയായതും തങ്ങളുടെ സാധനങ്ങളെല്ലാം കത്തിച്ചാമ്പലായതും ഇടപാടുകാര്‍ അറിയുന്നത് ദിവസങ്ങള്‍ കഴിഞ്ഞാണ്.

തങ്ങളുടെ സാധനങ്ങള്‍ എവിടെ വരെയെത്തി എന്ന് പലരും വിളിച്ച് അന്വേഷിച്ചപ്പോള്‍, വെയര്‍ ഹൗസ് തീ പിടിച്ച കാര്യം ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. വിലമതിക്കാനാകാത്ത സാധനങ്ങള്‍ പലതുമാണ് കത്തിയമര്‍ന്നതെങ്കിലും, തങ്ങള്‍ക്ക് തക്ക നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം. ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സംഭവം നടന്ന് ദിവസങ്ങളായെങ്കിലും കാര്‍ഗോ കമ്പനി അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നും ഇല്ലാത്തതില്‍ എല്ലാവരും കടുത്ത അമര്‍ഷത്തിലാണ്. നഷ്ടപരിഹാരം നേടിയെടുക്കുന്നതിനായി പോരാടാന്‍ ഇടപാടുകാര്‍ ചേര്‍ന്ന് വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. നമ്പര്‍: +91 94470 74603

അഗ്‌നിബാധയില്‍ വെയര്‍ഹൗസ് കത്തിയമര്‍ന്നതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണം നടന്നുവരികയാണെന്നും റിപ്പോര്‍ട് ലഭിച്ചാലുടന്‍ നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള പരിഹാരം തീരുമാനിക്കുമെന്നും റൂബി കാര്‍ഗോ അധികൃതര്‍ അറിയിച്ചു

COMMENT ON NEWS

Please enter your comment!
Please enter your name here