കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണം കടുപ്പിച്ച് യുഡിഫ്. മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്ക് കൂടുതൽ വ്യക്തമാകുന്നതായി യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ ആരോപിച്ചു. “മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്നു അരുൺ ബാലചന്ദ്രൻ. അരുണിന് ഫൈസൽ ഫരീദിന്റെ ബിസിനസിൽ പങ്കാളിത്തമുണ്ട്. മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായ ജയകുമാറിനും ഈ റാക്കറ്റുമായി ബന്ധമുണ്ട്. പുതിയ ഐടി സെക്രട്ടറിയെ നിയമിച്ചത് ക്യാബിനറ്റിൽ മുഖ്യമന്ത്രി അവതരിപ്പിച്ചില്ല. സ്പിങ്ക്ളർ കേസ് അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല”. ഇത് ആവർത്തിക്കുകയാണ്. മുഖ്യമന്ത്രി ആരെയാണ് സംരക്ഷിക്കുന്നതെന്നും ബെന്നി ബെഹ്നാൻ ചോദിച്ചു.

അതേ സമയം കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്താൻ തീരുമാനിച്ച എല്ലാ സമരങ്ങളും മാറ്റിയതായി യുഡിഎഫ് കൺവീനർ അറിയിച്ചു. ജൂലൈ 31 വരെ സമരങ്ങൾ നടത്തില്ല. യുവജന പ്രസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ നിർദേശം നൽകിയതായും കൺവീനർ വ്യക്തമാക്കി.

അതിനിടെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുമായി ബന്ധപ്പെട്ടതിന് കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ഉടൻ നടപടി ഉണ്ടായേക്കും. ഇന്ന് തന്നെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ട് ഉടൻ കൈമാറാൻ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ബന്ധങ്ങൾ സ്ഥാപിക്കുന്നതിലെ ജാഗ്രത കുറവ് മുതൽ പദവി ദുര്‍വിനിയോഗം വരെയുള്ള ആക്ഷേപം ശിവശങ്കറിനെതിരെ നിലവിലുണ്ട്. അതിൻമേലാണ് ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയും അടക്കമുള്ള സമിതി അന്വേഷണം നടത്തുന്നത്.

വലിയ വീഴ്ചകൾ എം ശിവശങ്കറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന വിലയിരുത്തലാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ എന്നാണ് വിവരം. റിപ്പോർട്ട് ഇന്ന് തന്നെ കൈമാറും. കേസും കസ്റ്റംസ് അന്വേഷണവും പുരോഗമിച്ചിട്ടും എം ശിവശങ്കറിനെ സംരക്ഷിക്കുന്നത് സര്‍ക്കാരിനെ വലിയ പ്രതിരോധത്തിൽ ആക്കുന്നുണ്ട്. സിപിഎം നേതാക്കൾക്കിടയിലും വലിയ അതൃപ്തിയാണ് ഇക്കാര്യത്തിൽ നിലവിലുള്ളത് സിപിഐ ആണെങ്കിൽ നേരത്തെ തന്നെ ശിവശങ്കറിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here