ജൂലൈ 16 വ്യാഴാഴ്ച കർക്കടകം ഒന്ന്, രാമായണമാസാരംഭം. അന്ന് തന്നെയാണ് വിഷ്ണു ഭഗവാന് ഏറ്റവും പ്രധാനമായ ഏകാദശിയും വരുന്നത്. വ്യാഴാഴ്ചകളിലെ വിഷ്ണുഭജനം അതിവിശിഷ്ടമാണ് . അപൂർവമായാണ് കർക്കടകം ഒന്നും മുപ്പെട്ട് വ്യാഴവും ഏകാദശിയും ഒന്നിച്ചു വരുന്നത്. ഈ സവിശേഷദിനത്തിൽ വ്രതാനുഷ്ഠാനത്തോടെ ഭഗവാനെ ഭജിക്കുന്നത് നാലിരട്ടി ഫലം നൽകും എന്നാണ് വിശ്വാസം. ഏകാദശി വ്രത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വ്യാഴദോഷമനുഭവിക്കുന്നവർക്കു ദോഷപരിഹാരമാണ് ഈ വ്രതം.

ശംഖു ചക്ര ഗദാധാരിയായ മഹാവിഷ്ണുവിനെയാണ് ഏകാദശിദിനത്തിൽ ഭജിക്കേണ്ടത്. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ ഹരിവാസരസമയത്ത് അഖണ്ഡനാമം ജപിക്കണം എന്നാണ് ചിട്ട . നിശ്ചിത സമയത്തു മുടങ്ങാതെയുള്ള നാമജപത്തിനാണ് അഖണ്ഡനാമം എന്ന് പറയുന്നത് . ഈ ജപത്തിൽ ഭഗവാന്റെ മൂലമന്ത്രമായ ‘ഓം നമോ നാരായണായ , കലിദോഷനിവാരണമന്ത്രം എന്നിവ ഉൾപ്പെടുത്തുന്നത് അത്യുത്തമം. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് നന്ന്.

കുടുംബൈശ്വര്യത്തിനായി സ്ത്രീപുരുഷഭേദമെന്യേ അനുഷ്ഠിക്കുന്ന വ്രതമാണിത്. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കൽ എടുക്കണം . ഏകാദശിദിനത്തിൽ അതിരാവിലെ ഉണർന്നു കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം നിലവിളക്കു കൊളുത്തി വിഷ്ണുഗായത്രി , ഭാഗ്യസൂക്തം എന്നിവ ജപിക്കാം. ഈ ദിനം മുഴുവൻ പൂർണ ഉപവാസമാണ് അഭികാമ്യം. അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന സമർപ്പിക്കുക . അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.

ഏകാദശിദിനത്തിൽ ഏറ്റവും പ്രധാനം തുളസീ പൂജയാണ് . പ്രഭാതത്തിൽ തുളസിച്ചെടിയെ മൂന്നുതവണ പ്രദക്ഷിണം വച്ച് നനയ്ക്കുക. പ്രദക്ഷിണം വയ്ക്കുമ്പോൾ

‘പ്രസീദ തുളസീദേവി

പ്രസീദ ഹരിവല്ലഭേ

ക്ഷീരോദമഥനോ‌ദ്ഭുതേ

തുള‌സീ ത്വം നമാമ്യഹം ‘

എന്ന് ജപിക്കുക. അന്നേദിവസം തുളസിയില നുള്ളരുത്.

ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ച് പാരണ വിടുക.

വിഷ്ണുഗായത്രി

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു: പ്രചോദയാത്.

LEAVE A REPLY

Please enter your comment!
Please enter your name here